കോഴിക്കോട് : യുനെസ്‌കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കാനുള്ള കോഴിക്കോടിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഗിൽനിന്നുള്ള പ്രതിനിധി നഗരത്തിലെത്തി. സർവകലാശാല വിദ്യാർഥിനിയായ ലുഡ്മില കൊളഷോവയാണ് കോഴിക്കോട്ടെത്തിയത്. സാഹിത്യനഗര(സിറ്റി ഓഫ് ലിറ്ററേച്ചർ) ശൃംഖലയിലുള്ള നഗരമാണ് പ്രാഗ്. കോഴിക്കോടിന്റെ സംസ്കാരവും വായനാരീതിയുമെല്ലാം അറിയുകയും അതിലൂടെ സാഹിത്യനഗരപ്രവർത്തനങ്ങളുടെ ഭാഗമാകുകയും ചെയ്യുകയാണ് ലുഡ്മില. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ലുഡ്മില ഏതാനും കോളേജുകളിലും സ്കൂളുകളിലും സന്ദർശനം നടത്തി.
‘‘ഇവിടെയുള്ള സാഹിത്യമേഖലയിലുള്ളവരും പ്രധാന വായനശാലകളും പുസ്തകപ്രസാധകരുമായുമെല്ലാം കൂടിക്കാഴ്ച നടത്തും. അതിലൂടെ കോഴിക്കോടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’ -ലുഡ്മില പറഞ്ഞു.
പ്രാഗിൽ മുനിസിപ്പാലിറ്റിയും മുനിസിപ്പൽ ലൈബ്രറിയും ചേർന്നാണ് പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്തുന്നതും പ്രവർത്തനങ്ങൾ നടത്തുന്നതും. സാഹിത്യചർച്ചകൾ, പല ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ കൂട്ടായ്മ എന്നിവയെല്ലാം അവിടെ നടക്കുന്നുണ്ട്.
കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള ശ്രമം കോർപ്പറേഷൻ നടത്തുന്നത്. തൃശ്ശൂരിൽ കിലയിലും ലുഡ്മില സന്ദർശിക്കുന്നുണ്ട്. പ്രാഗിലെ പ്രവർത്തനങ്ങളെക്കുറിച്ച് കോർപ്പറേഷന് കൂടുതൽ അറിയാനുള്ള അവസരവുമാണ് ലുഡ്മിലയുടെ സന്ദർശനം. കോഴിക്കോടിനെക്കുറിച്ച് മൂന്നുമാസത്തിനുള്ളിൽ ധാരണയുണ്ടാക്കിയ ശേഷം മേയിലാണ് ലുഡ്മില മടങ്ങുക.
കോർപ്പറേഷൻ മേയറും കില ഡയറക്ടറുമെല്ലാം നേരത്തേത്തന്നെ പ്രാഗ് സാഹിത്യനഗരമേധാവി കാതറിൻ ബാജോയുമായി ഓൺലൈനായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2023-ലാണ് ഇനി സാഹിത്യനഗരപദവിക്കായി അപേക്ഷിക്കാനാവുക. രണ്ടുവർഷംകൂടുമ്പോഴാണ് അപേക്ഷിക്കുന്നത്. മലയാളസാഹിത്യത്തിൽ ഇടംനേടിയ കോഴിക്കോട്ടെ എഴുത്തുകാരുടെ പെരുമ ഉൾക്കൊണ്ട് സാഹിത്യനഗരത്തിനായി ശ്രമം നടത്തുമെന്ന് ബജറ്റിലും വ്യക്തമാക്കിയിട്ടുണ്ട്.
Tags:
Kozhikoden