കണ്ണൂർ എയർപോർട്ട് നാലുവരിപാത : നാനൂറോളം കെട്ടിടങ്ങൾ പൊളിക്കണം



നാദാപുരം: കണ്ണൂർ എയർപോർട്ട് റോഡിന്റെ കുറ്റ്യാടി-പെരിങ്ങത്തൂർ റൂട്ടിലെ നിർമാണത്തിനായി നാനൂറോളം കെട്ടിടങ്ങൾ പൊളിച്ചുനീക്കണം. മൊകേരി, ഇരിങ്ങണ്ണൂർ എന്നീ ടൗണുകളിൽ കൂടുതൽ കടകൾ പൊളിച്ചുനീക്കേണ്ടിവരും.

ബൈപ്പാസ് നിർമിക്കുന്ന സ്ഥലങ്ങളിലാണ് കൂടുതൽ വീടുകൾ പൊളിക്കേണ്ടിവരുന്നത്. 24.5 കിലോമീറ്റർ ദൈർഘ്യമുള്ള എയർപോർട്ട് റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം 21-ന് രാവിലെ 10.30-ന് നാദാപുരം അതിഥിമന്ദിരത്തിൽ ചേരും. തുടർന്ന്, സ്ഥലമുടമകളുടെയും കെട്ടിടയുടമകളുടെയും യോഗം വിളിച്ചുചേർക്കാനുമാണ് പദ്ധതി.


10 സ്കൂളുകൾ, 12 ആരാധനാലയങ്ങൾ, നൂറോളം വീടുകൾ, മുന്നൂറോളം കടകൾ എന്നിവയാണ് പൊളിച്ചുനീക്കേണ്ടിവരുക. എയർപോർട്ട് റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ പൊളിച്ചുനീക്കേണ്ട സ്ഥലങ്ങളിലെ കെട്ടിടങ്ങളെക്കുറിച്ച് ജനപ്രതിനിധികളോട് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. റോഡുനിർമാണത്തിനായി ആകെ ചെലവിടുന്നത് 544.75 കോടി രൂപയാണ്. അതിനെക്കാൾ കൂടുതൽ പണം സ്ഥലം അക്വയർ ചെയ്യുന്നതിനായി നീക്കിവെച്ചിട്ടുണ്ട്. 670.1 കോടിരൂപയാണ് സ്ഥലമേറ്റെടുക്കുന്നതിനായി ചെലവിടുന്നത്.

അലൈൻമെന്റ് അംഗീകരിക്കാത്തതിനാൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനെക്കുറിച്ച് വ്യക്തതവന്നിട്ടില്ല. വീടുകൾ പൂർണമായും നഷ്ടപ്പെടുന്നവർക്ക് എത്രപണം നഷ്ടപരിഹാരമായി ലഭിക്കുമെന്നതിനെക്കുറിച്ചും ഇപ്പോൾ വ്യക്തമായ രൂപമായിട്ടില്ല. കുറ്റ്യാടി-പെരിങ്ങത്തൂർ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് റോഡരികിലെ നിർമാണപ്രവൃത്തികൾ നിർത്തിവെക്കണമെന്ന നിർദേശം ഗ്രാമപ്പഞ്ചായത്തിന് നൽകണമെന്ന് നേരത്തേ ജനപ്രതിനിധികളുന്നയിച്ചിരുന്നു.



എന്നാൽ, അലൈൻമെന്റ് അംഗീകരിക്കാത്തിനാൽ നിർമാണപ്രവൃത്തി നിർത്തിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കുകയില്ലെന്ന് ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. നാലുവരിപ്പാതയായ റോഡിൽ മൂന്ന് ബൈപ്പാസ് നിർമിക്കും.

ആദ്യ ബൈപ്പാസ് കുറ്റ്യാടിപ്പാലത്തിനടുത്ത് കയറി കടേക്കാംചാലിൽ എത്തും. ഇവിടെ പത്തിലധികം വീടുകൾ പൊളിച്ചുനീക്കേണ്ടിവരും. രണ്ടാമത്തെ ബൈപ്പാസ് കക്കട്ട് അജന്താ ടാക്കീസിൽനിന്ന്‌ തുടങ്ങി മേൽഭാഗത്തെ രജിസ്ട്രാർ ഓഫീസിനടുത്ത് കയറും. മൂന്നാമത്തെ ബൈപ്പാസ് നാദാപുരം ഗ്രാമപ്പഞ്ചായത്തിലാണ്. പയന്തോങ്ങ് ചിയ്യൂർ റോഡിൽനിന്ന്‌ തുടങ്ങി ആവോലം ജങ്‌ഷനിൽ അവസാനിക്കും. ചിയ്യൂർ റോഡിൽനിന്ന്‌ വാണിമേൽ റോഡിലേക്ക് ബൈപ്പാസിനായി പുതിയ റോഡ് നിർമിക്കേണ്ടിവരും.

നാദാപുരം ഗ്രാമപ്പഞ്ചായത്തിലൂടെ കടന്നുപോകുന്ന ബൈപ്പാസാണ് കൂടുതൽ വലുപ്പമുള്ളത്; 3.2 കിലോമീറ്റർ. കുറവ് കുന്നുമ്മൽ പഞ്ചായത്തിലും. ഇത് 800 മീറ്ററാണുള്ളത്. കുറ്റ്യാടി ബൈപ്പാസിന് 1.42 കിലോമീറ്ററാണുള്ളത്.

ഏഴ് പ്രധാന ജങ്‌ഷനുകളും 48 ചെറിയ ജങ്‌ഷനുകളുമുണ്ട്. നിലവിൽ പാലമുള്ള പെരിങ്ങത്തൂരും കുറ്റ്യാടിയിലും 12 മീറ്ററിൽ രണ്ട് പുതിയപാലം വരും. 35 കൾവർട്ടുകളുമുണ്ടാകും.
Previous Post Next Post