താമരശ്ശേരി: കാലപ്പഴക്കംചെന്ന ഓഫീസ് കെട്ടിടവും പരിമിതിയിൽ വീർപ്പുമുട്ടുന്ന ഭൗതികസാഹചര്യങ്ങളുമായി കഴിഞ്ഞ നാലുപതിറ്റാണ്ടുകാലം നിലകൊള്ളുന്ന താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഇനി വൈകാതെ പുതിയമുഖം കൈവരും. ആധുനികരീതിയിലുള്ള കെട്ടിടസമുച്ചയം സഹിതം ഡിപ്പോ, കാലത്തിനുയോജിച്ച രീതിയിൽ നവീകരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തുനടന്ന പ്രത്യേകയോഗത്തിൽ ധാരണയായി.
ആധുനികസൗകര്യങ്ങളോടെയുള്ള ബസ് ടെർമിനൽ, ഓഫീസ് ബ്ലോക്ക്, പാസഞ്ചേഴ്‌സ് ലോഞ്ച്, മൾട്ടിപ്ലക്സ് തിയേറ്റർ, ഷീ ലോഡ്ജ്, കോഫി ഷോപ്പ്, കഫ്റ്റീരിയ, റെസ്റ്റോറന്റ്, ഫുഡ് കോർട്ട്, സ്റ്റാഫ് റിട്ടയർമെന്റ് റൂം, മിനി കോൺഫറൻസ് ഹാൾ, ഫ്യുവൽ കോർണർ, ഷോപ്പിങ് കോംപ്ലക്സ് എന്നിവയുൾപ്പെട്ട വിവിധോദ്ദേശ്യ കെട്ടിടസമുച്ചയം യാഥാർഥ്യമാക്കാനാണ് പദ്ധതി. ഡിപ്പോനവീകരണം ചുവപ്പുനാടയുടെ കുരുക്കിൽക്കുടുങ്ങാതെ സമയബന്ധിതമായി പൂർത്തിയായാൽ നാട്ടുകാരുടെയും യാത്രികരുടെയും ജീവനക്കാരുടെയും ഏറെക്കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെടുക.
ആറുമാസത്തിനകം മാസ്റ്റർപ്ലാൻ
ആധുനികരീതിയിലുള്ള കെട്ടിടസമുച്ചയം നിർമിക്കുന്നതിനായി ആറുമാസത്തിനകം മാസ്റ്റർപ്ലാൻ തയ്യാറാക്കും. തുടർന്ന്, സർക്കാരിൽനിന്നുള്ള സാങ്കേതിക, ഭരണാനുമതികൾ ലഭ്യമാക്കി നിർമാണപ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്ത് രണ്ടുവർഷത്തിനകം നവീകരിച്ച ഡിപ്പോ ഉദ്ഘാടനംചെയ്യാൻ സാധിക്കുന്നതരത്തിൽ പ്രവർത്തന കലണ്ടർ തയ്യാറാക്കും. ഇതിനായി ഗതാഗതവകുപ്പിലെ ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബി.ഒ.ടി. അടിസ്ഥാനത്തിൽ യാഥാർഥ്യമാക്കി മുപ്പതുവർഷക്കാലത്തേക്ക് നടത്തിപ്പുചുമതല കൈമാറാനാണ് ആലോചിക്കുന്നത്. കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ കൈവശമുള്ള ദേശീയപാതയോരത്തെ 1.10 ഏക്കർ ഭൂമിയിൽ സംസ്ഥാനത്തിനുതന്നെ മാതൃകയാവുന്ന തരത്തിലുള്ള ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു. സൗകര്യപ്രദമായ സ്ഥലംകണ്ടെത്തി ഡിപ്പോയും വർക്ക്‌ഷോപ്പ് അങ്ങോട്ടുമാറ്റാനാണ് ധാരണ.
ഡിപ്പോ നവീകരണം സംബന്ധിച്ച് ചർച്ചചെയ്യുന്നതിനായി തിരുവനന്തപുരത്തുചേർന്ന യോഗത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. ഡോ. എം.കെ. മുനീർ എം.എൽ.എ, കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകർ, ജി.പി. പ്രദീപ്, ഷറഫ് മുഹമ്മദ്, നോർത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടർ കെ.ടി. സെബി, സി. ഉദയകുമാർ, ജീവരാജ്, സന്തോഷ് കുമാർ, സി.ടി.ഒ. ആർ. മനീഷ്, താമരശ്ശേരി എ.ടി.ഒ. പി.ഇ. രഞ്ജിത്ത്, മുൻ എം.എൽ.എ. വി.എം. ഉമ്മർ, താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, എം. സുൽഫിക്കർ, പി.പി. ഹാഫിസ് റഹിമാൻ, എ.ടി. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.