മിഠായിത്തെരുവിന് ഇനി ഉത്സവകാലം: നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് മുതൽ


കോഴിക്കോട്: നാലു മാസത്തോളം നീളുന്ന നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവുന്നതോടെ മിഠായിത്തെരുവിന് പുത്തനുണർവ് കൈവരികയായി. 'വ്യാപാരോത്സവം - 2022" ന്റെ ഉദ്ഘാടനം രാത്രി 8 ന് ലാൻഡ് വേൾഡ് സെന്ററിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ഫെസ്റ്റിവൽ ജൂലായ് 16 വരെ നീളും. 

കൊവിഡ് തീവ്രവ്യാപനത്തിനിടെ നീണ്ടുപോയ ലോക്ഡൗണ വ്യാപാരമേഖലയെ പ്രതിസന്ധിയിലാഴ്‌ത്തിയപ്പോൾ മാസങ്ങളോളം മരവിപ്പിലായിരുന്നു നഗരഹൃദയത്തിലുള്ള മിഠായിത്തെരുവ്. കൊവിഡ് നിയന്ത്രണങ്ങൾക്കു അയവ് വന്ന ശേഷം ഇനിയും വ്യാപാരമേഖല പൂർവസ്ഥിതിയിലേക്ക് എത്തിയിട്ടില്ല. നഗരത്തിലെ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട സുല്ലമുസ്സലാം സയൻസ് കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിൽ ഇക്കാര്യം വസ്തുതകളുടെ പിൻബലത്തോടെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. 


മിഠായിത്തെരുവിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഷോപ്പിംഗ് ഫെസ്റ്റിവലിൽ മുഴുവൻ വ്യാപാരികൾക്കു പുറമെ വഴിയോര കച്ചവടക്കാരും പങ്കാളികളാകും.മികച്ച ഡിസ്‌കൗണ്ടോടെയായിരിക്കും വില്പന. 250 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസിനും സമ്മാനക്കൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങളും മെഗാ സമ്മാനങ്ങളും നൽകും. എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി 12 വരെ കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. വലിയൊരു ഇടവേളയ്ക്ക് ശേഷം വ്യാപാരോത്സവത്തിലൂടെ ജീവിതം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരൊക്കെയും.
Previous Post Next Post