കോഴിക്കോടിനായി വമ്പൻ പദ്ധതികളില്ല; റോഡ്- ടൂറിസം മേഖലകളിൽ ഒട്ടേറെ ചെറുകിട പദ്ധതികൾക്ക് തുകകോഴിക്കോട്:പുതുതായി രൂപീകരിക്കുന്ന ഐടി ഇടനാഴി, ബേപ്പൂർ തുറമുഖ വികസനം, സൈബർ പാർക്ക്, സഹകരണ ഭവൻ...തുടങ്ങി ഏതാനും പദ്ധതികളിൽ ഒതുങ്ങി ജില്ലയുടെ ബജറ്റ് പ്രതീക്ഷകൾ. ജില്ലയുടെ വികസന മുഖഛായ മാറ്റുന്ന പ്രത്യേക പദ്ധതികളോ വൻകിട പ്രഖ്യാപനങ്ങളോ ഇല്ല. എന്നാൽ വിവിധ മണ്ഡലങ്ങളിലെ റോഡ്, ഗതാഗതം, ടൂറിസം മേഖലകളിലായി ഒട്ടേറെ ചെറുകിട പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്), നഗര ഗതാഗതം മെച്ചപ്പെടുത്താനുള്ള ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, പുതിയ ഇൻ്റർനാഷണൽ സ്റ്റേഡിയം തുടങ്ങിയവയെക്കുറിച്ചൊന്നും ബജറ്റിൽ പരാമർശമില്ല. മാവൂർ തെങ്ങിലക്കടവ് കാൻസർ സെന്റർ നവീകരണം, കോഴിക്കോട് –മെഡിക്കൽ കോളജിൽ സ്വിമ്മിങ് പൂളും മൾട്ടി ജിമ്മും അടക്കമുള്ള ആധുനിക സൗകര്യങ്ങളുള്ള സ്പോർട്സ് കോംപ്ലക്സ്, സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനു വേണ്ടി ബേപ്പൂരിൽ പ്രഖ്യാപിച്ച പൈതൃക ടൂറിസം പദ്ധതി തുടങ്ങി ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികൾക്കൊന്നും പിന്തുണയുണ്ടായില്ല. അതേ സമയം എംഎൽഎമാർ വിവിധ മണ്ഡലങ്ങളിലായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾ എന്ന നിലയിൽ സമർപ്പിക്കപ്പെട്ട ചില പദ്ധതികളും സംസ്ഥാനമൊട്ടാകെ പ്രഖ്യാപിക്കപ്പെട്ട വൻകിട പദ്ധതികളിലെ ഒരു വിഹിതവുമാണു വൻകിട പദ്ധതികൾ എന്ന നിലയിൽ ജില്ലയ്ക്കായി ലഭിക്കുന്നത്.

👇ലഭിക്കുന്നത് ഇവയെല്ലാം • കോഴിക്കോട്–കണ്ണൂർ എന്നിവിടങ്ങളിൽ വിപുലീകൃത ഐടി ഇടനാഴി. ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് കോഴിക്കോട് –കണ്ണൂർ ഇടനാഴി. കണ്ണൂരിൽ വരാനിരിക്കുന്ന ഐടി പാർക്കുമായി ബന്ധപ്പെടുത്തി ഈ ഇടനാഴിയിൽ ജില്ലയിൽ ചെറുകിട ഐടി പാർക്ക്. ഇതിനായി 15–25 ഏക്കർ ഭൂമി ഏറ്റെടുക്കും. അരലക്ഷം മുതൽ 2 ലക്ഷം വരെ ചതുരശ്ര അടി വിസ്തീർണമുള്ള ഈ പാർക്കിൽ നിന്ന് അതിവേഗ ഒപ്റ്റിക് ഫൈബർ കേബിൾ വഴി കണ്ണൂരിലേക്ക് ഐടി ഇടനാഴി കണക്​ഷൻ.
 • സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകൾക്കുമായി അനുവദിച്ച 250 കോടി രൂപയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിന് ഒരു വിഹിതം
 • സൈബർ പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 12.83 കോടി രൂപ
 • ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപം വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ടപ്പ്, ഇൻക്യൂബേറ്ററുകൾ എന്നിവയ്ക്കായി 2.5 കോടി രൂപ
 • ബേപ്പൂർ തുറമുഖത്തെ സുസ്ഥിര ചരക്കു നീക്കത്തിനും യാത്രാ ഗതാഗതത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും 15 കോടി രൂപ . മറ്റു തുറമുഖങ്ങൾക്കൊപ്പം ബേപ്പൂരിന്റെ ക്രൂയിസ് ടൂറിസം വികസനത്തിന് 5 കോടി രൂപ. എല്ലാ തുറമുഖങ്ങളിലെയും വികസന പ്രവർത്തനങ്ങൾ നടത്താൻ പ്രഖ്യാപിച്ച 41.51 കോടി രൂപയിൽ നിന്ന് ബേപ്പൂരിനും ഒരു വിഹിതം.
 • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്ന് സ്റ്റാർട്ടപ്പ് ചെറുകിട വ്യവസായ യൂണിറ്റ് . ഇതിനായി 1.75 കോടി രൂപ


 • എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു കോടി രൂപ ചെലവിൽ സ്കിൽ കോഴ്സുകൾ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താൻ എല്ലാ ജില്ലകളിലും സ്കിൽ പാർക്ക്. ഇതിൽ ഒരെണ്ണം കോഴിക്കോടും. ഇതിനായി 10–15 ഏക്കർ ഭൂമി ഏറ്റെടുക്കും.
 • സംസ്ഥാനത്തെ 5 മ്യൂസിയങ്ങൾക്കായി 28.6 കോടി രൂപ അനുവദിച്ചതിൽ ആർട് ഗാലറിക്കും കൃഷ്ണ മേനോൻ മ്യൂസിയവും ഉൾപ്പെടും.
 • ഗോത്ര വർഗ മ്യൂസിയം പുനർ നിർമാണത്തിനും നവീകരണത്തിനും ആദിവാസി കലാകേന്ദ്രത്തിന്റെ നിർമാണത്തിനും ആദിവാസി സ്വാതന്ത്ര്യ സമര നായകരെ സംബന്ധിക്കുന്ന മ്യൂസിയത്തിനുമായി 53.33 ലക്ഷം രൂപ
 • കോഴിക്കോട്ടെയും കൊച്ചിയിലെയും വിവിധ റോഡുകളുടെ വികസന പദ്ധതികൾക്കായി ഡിപിആർ തയാറാക്കാൻ 5 കോടി രൂപ
 • കോഴിക്കോട് ആസ്ഥാനമായി 20 കോടി രൂപ ചെലവിൽ സഹകരണ ഭവൻ നിർമിക്കും 
 • വട്ടക്കിണർ–രാമനാട്ടുകര പാത പുതുതായി 2 മേൽപാലങ്ങൾ ഉൾപ്പെടെ 4 വരിപ്പാതയാക്കാൻ 350 കോടി രൂപ
 • രാമനാട്ടുകര– എയർപോർട്ട് റോഡ് നാലു വരിയാക്കാൻ 500 കോടി രൂപ

Previous Post Next Post