കോഴിക്കോട് : വിഷു, റംസാൻ, ഈസ്റ്റർ അടുത്തെത്തിയതോടെ നഗരം ആഘോഷത്തിരക്കിലേക്ക്. കോവിഡിന്റെ രണ്ട് അടച്ചിടൽകാലത്തിനുശേഷമുള്ള ഉത്സവവേളയിൽ വിലക്കിഴിവിന്റെ ആശ്വാസമേകി മേളകളും സജീവമായി. പ്രതിസന്ധിയിൽനിന്ന് കരകയറുന്ന വിപണിയിൽ തിരക്കേറുകയാണ്. സാധാരണക്കാർ മേളകളിൽനിന്നാണ് കൂടുതലായും സാധനങ്ങൾ വാങ്ങുന്നത്.
കൈത്തറിക്കാലം: വ്യവസായ വാണിജ്യ വകുപ്പ് കോർപ്പറേഷൻ സ്റ്റേഡിയം വളപ്പിൽ കൈത്തറി മേളയൊരുക്കിയിട്ടുണ്ട്. ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങളും തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങളുടെയും സ്റ്റാളുകൾ മേളയിലുണ്ട്. കൈത്തറിയുടെ കമനീയ ശേഖരമുള്ള മേളയിൽ 20 ശതമാനം വിലക്കിഴിവും ലഭിക്കും. സർക്കാർ റിബേറ്റാണ്. കൈത്തറി ബ്രാൻഡായും ട്രെൻഡായും മാറുന്നതിനാൽ യുവതലമുറയും മേളയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്.
പുതുമകളോടെ കൺസ്യൂമർഫെഡ്: കൺസ്യൂമർഫെഡ് മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിൽ ആരംഭിച്ച റംസാൻ കോർണറിൽ കാരക്കയും ഡ്രൈഫ്രൂട്ട്‌സും മറ്റു പഴവർഗങ്ങളും വേണ്ടത്രയുണ്ട്. രാവിലെ 10 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രവർത്തനം. ഫെസ്റ്റിൽ നോമ്പുതുറ വിഭവങ്ങളും തരിക്കഞ്ഞിപോലുള്ള ലഘുപാനീയങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാവും. ഫ്രെഷ് ജ്യൂസുമുണ്ടാവും. റംസാൻ സ്പെഷ്യൽ സ്നാക്സ് ബാറും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഡോർ ഡെലിവറിയും ഇവിടെ ലഭ്യമാണ്. ഹോം ഡെലിവെറിക്ക് www. consumerfed എന്ന ഓൺലൈൻ പോർട്ടലിൽ ഓർഡർ ചെയ്യാം. റംസാൻവരെ വിപണനമുണ്ടാവും. പൊതുവിപണിയിലേക്കാൾ 10-30 ശതമാനം വിലക്കുറവ് ത്രിവേണി സ്റ്റോറുകളിൽ ലഭ്യമാവും.
സബ്‌സിഡിയോടെ സഹകരണ വിപണി : ആഘോഷങ്ങൾക്ക് പൊലിമയേകാൻ കൺസ്യൂമർഫെഡ് സഹകരണ വിപണി ഒരുക്കുന്നുണ്ട്. 12 മുതൽ 18 വരെ പ്രവർത്തിക്കുന്ന വിപണിയിൽ 13 ഇനം സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ ലഭിക്കും. പ്രതിദിനം 100 പേർക്ക് വീതം റേഷൻ കാർഡ് പ്രകാരം വിലക്കിഴിവ് ലഭിക്കും. 30 മുതൽ 60 ശതമാനം വരെയാണ് ഈ വിപണിയിൽ വിലക്കിഴിവ്. ജില്ലയിലെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും പ്രാഥമിക സഹകരണസംഘങ്ങളുടെ വിപണന കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത്തരം സ്റ്റാളുകളുണ്ടാവും.
ഖാദി എംപോറിയത്തിൽ : മിഠായിത്തെരുവിലെ ഖാദി എംപോറിയം ഉത്സവവേളകളെ വരവേല്ക്കാൻ പ്രത്യേകമായി ഒരുങ്ങി. കുപ്പടം ദോത്തികൾ, ബെഡ്ഷീറ്റുകൾ , മുണ്ടുകൾ, ഡാക്കാ മസ്ലീൻ തുണിത്തരങ്ങൾ, ഉന്നംനിറച്ച കിടക്കകൾ, തുകലുത്‌പന്നങ്ങൾ, പാലക്കാടൻ മൺപാത്രങ്ങൾ, തേക്കിൻതടിയിൽ തീർത്ത ഫർണിച്ചറുകൾ, കരകൗശല സാധനങ്ങൾ, ആയുർവേദ സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയുടെ വൻശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. മേയ് മൂന്നുവരെ മേളയുണ്ടാവും. തുണിത്തരങ്ങൾക്ക് 30 ശതമാനവും ഫർണിച്ചറുകൾക്ക് 10 ശതമാനവും വിലക്കിഴിവുണ്ടാവും.
ഖാദി ബോർഡിന്റെ മേള : കോഴിക്കോട് ചെറൂട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ വിപണനമേള ആരംഭിച്ചിട്ടുണ്ട്. കുഞ്ഞുടുപ്പുകളാണ് ഇവിടെ താരമാവുന്നത്. ഖാദി ബോർഡാണ് ഈ കുഞ്ഞുടുപ്പുകൾ തയ്യാറാക്കിയിട്ടുള്ളത്. തുണിത്തരങ്ങൾക്ക് സർക്കാർ അംഗീകൃത ഉത്സവകാല വിലക്കിഴിവ് ലഭിക്കും. വിലക്കിഴിവ് ലക്ഷ്യം
പൊതുവിപണിയിൽ എല്ലാ ഉത്‌പന്നങ്ങൾക്കും വിലവർധനയുള്ള സമയത്ത് ജനങ്ങൾക്ക് ആശ്വാസമാവാനാണ് കൺസ്യൂമർഫെഡ് ശ്രമിക്കുന്നത്. ഗുണമേന്മയുള്ള ഉത്‌പന്നങ്ങൾ പരമാവധി വിലക്കിഴിവോടെ ലഭ്യമാക്കും.
പി.കെ. അനിൽകുമാർ,
റീജണൽ മാനേജർ, കൺസ്യൂമർഫെഡ്
Tags:
Shop