
ബേപ്പൂർ: കാലാവസ്ഥ മോശമായതിനെ തുടർന്ന് ബേപ്പൂരിലെ "ഫ്ലോട്ടിങ് ബ്രിഡ്ജ്’ പ്രവർത്തനം താൽക്കാലികമായി നിർത്തി. ന്യൂനമർദത്തിന്റെ ഭാഗമായുള്ള കാലാവസ്ഥ മുന്നറിയിപ്പിനൊപ്പം കടൽ പ്രക്ഷുബ്‌ധമായി തിരമാലകൾ തീരത്തേക്ക് ഇരച്ചുകയറുന്നതിനാലും സഞ്ചാരികൾക്കുണ്ടായേക്കാവുന്ന അസൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് തിങ്കളാഴ്ച മുതൽ ബ്രിഡ്‌ജ് പ്രവർത്തനം നിർത്തി കരയിൽ കയറ്റിയത്.
തുടങ്ങിയതു മുതൽ വിനോദ സഞ്ചാരികൾ ഇരച്ചെത്തിക്കൊണ്ടിരുന്ന ബേപ്പൂർ പുലിമുട്ട് തീരത്തെ കടലിലേക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് അതീവ സുരക്ഷാ സംവിധാനത്തോടെയാണ് പ്രവർത്തിച്ചുവന്നത്. കഴിഞ്ഞ ദിവസം പവിലിയനിലേക്കുപോലും തിരമാല ഇരച്ചുകയറിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കേ കടലിൽ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് താത്‌കാലികമായി ഫ്ലോട്ടിങ് ബ്രിഡ്ജ് നിർത്തിയതെന്നും കാലാവസ്ഥ സാധാരണ നിലയിലായാൽ ഉടൻ ആരംഭിക്കുമെന്നും നടത്തിപ്പുകാരായ ക്യാപ്ച്ചർ ഡേയ്‌സ് പ്രതിനിധി നിഖിൽ അറിയിച്ചു.