ഇന്നലെ വൈകീട്ട് എസ്എം സ്ട്രീറ്റിൽ അനുഭവപ്പെട്ട തിരക്ക്
കോഴിക്കോട് : ബുധനാഴ്ച ഉച്ചമുതൽ മിഠായിത്തെരുവിലേക്ക് ആൾക്കൂട്ടം നിറഞ്ഞൊഴുകുകയായിരുന്നു.വൈകുന്നേരമായപ്പോഴേക്കും തെരുവ് ജനനിബിഡമായിമാറി. കടകളും നിറഞ്ഞുകവിഞ്ഞു.
കോവിഡ് ഭീതിയില്ലാത്ത ഒരു ആഘോഷക്കാലം ഇടവേളയ്ക്കുശേഷം തിരിച്ചുകിട്ടിയപ്പോൾ തളർന്നുകിടന്നിരുന്ന വിപണിയും ആവേശത്തിലായി. ഏറെക്കാലത്തിനുശേഷം പുതിയ ട്രെൻഡുകളുമായാണ് വ്യാപാരികൾ പെരുന്നാളിനെ വരവേൽക്കുന്നത്. പിറകിൽ പലരീതിയിലുള്ള പ്രിന്റുകൾ പതിച്ച ഷർട്ട്, വീതിയുള്ള കൈകളുള്ള ഫൈവ് സ്ലീവ് ഷർട്ട് തുടങ്ങിയവയാണ് പുരുഷന്മാരുടെ വസ്ത്രവിപണിയിലെ പുതിയ ട്രെൻഡ്. ചൈനീസ് ഫാബ്രിക്കിലുള്ള വസ്ത്രങ്ങളുമുണ്ട്.
മിഠായിത്തെരുവ് ഇപ്പോൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണെന്ന് കോയൻകോ ബസാറിലെ ഹൽദി ബോട്ടിക്ക് ഉടമ നവാസ് കോയിശ്ശേരി പറഞ്ഞു. പഴയ കച്ചവടത്തിന്റെ തൊണ്ണൂറുശതമാനത്തോളം തിരിച്ചുപിടിക്കാൻ കഴിഞ്ഞെന്ന് വ്യപാരികൾ പറഞ്ഞു.
രാവിലെ തുടങ്ങുന്ന കച്ചവടം രാത്രി 12 മണികഴിഞ്ഞും തുടരാറുണ്ട്. ചില കടകൾ രണ്ടു മണിവരെയൊക്കെ പ്രവർത്തിക്കുന്നുണ്ട്. പകൽ കനത്തചൂടായതിനാൽ വൈകുന്നേരങ്ങളിലും രാത്രിയിലുമൊക്കെയാണ് ആളുകൾ കൂടുതലായെത്തുന്നത്. നോമ്പുതുറന്ന് വരുന്നവരുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ രാത്രി മഴപെയ്തിരുന്നതുകൊണ്ട് ആശങ്കയുണ്ടായിരുന്നു. എന്നാൽ, മഴയൊഴിഞ്ഞത് വ്യാപാരികൾക്ക് ആശ്വാസമായി.