കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം റോഡ് വികസനമാണെന്ന് പൊതുമരാമത്തു ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. ചെറുവണ്ണൂർ- കൊളത്തറ റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ടൂറിസത്തിനു അനന്തസാധ്യതകളുള്ള പ്രദേശമാണ് ചരിത്രപ്രാധാന്യമുള്ള ബേപ്പൂർ. ബേപ്പൂരിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് റോഡ് സൗകര്യം അനിവാര്യമാണ്. ബേപ്പൂർ നിയോജക മണ്ഡലത്തിലെ 8 റോഡുകൾ ഡി.ബി.എം. ആന്റ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി
28 കോടി 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബേപ്പൂരിലെ ചെറുകിടവ്യവസായ വളർച്ചയ്ക്കും കോഴിക്കോടിന്റെ തന്നെ വികസനത്തിനും സമയബന്ധിതമായ റോഡ് വികസനം സഹായിക്കും. നഗരത്തിലെ വിവിധയിടങ്ങളിൽ റോഡ് വികസന- നവീകരണ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്- മന്ത്രി പറഞ്ഞു.
12 കോടി 26 ലക്ഷം രൂപയാണ് ഡി.ബി.എം. ആന്റ് ബി.സി. നിലവാരത്തിലുള്ള ചെറുവണ്ണൂർ- കൊളത്തറ റോഡ് നവീകരണത്തിന് അനുവദിച്ചിരിക്കുന്നത്. സ്ഥലമെടുപ്പിനായി 32 കോടി രൂപയും അനുവദിച്ചു. 9 മാസമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി. ക്യാരേജ് വേ, പേവ്ഡ് ഷോൾഡർ, നടപ്പാത, ആർ.സി.സി ഡ്രെയിനേജ്, യൂട്ടിലിറ്റി ഡക്റ്റ്, കൈവരികൾ, കലുങ്കുകൾ, റീറ്റെയ്‌നിങ് വാൾ എന്നിവ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൗൺസിലർ പി. ഷീബ ചടങ്ങിൽ അധ്യക്ഷയായി. മുൻ എം.എൽ.എ. വി. കെ.സി. മമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ വി.കെ. ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. മരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, കൗൺസിലർ പ്രേമലത തെക്ക് വീട്ടിൽ, ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ചെയർമാൻ എം. ഗിരീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.സൂപ്രണ്ടിങ് എഞ്ചിനിയർ ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ജി.കെ. വിനീത്കുമാർ നന്ദിയും പറഞ്ഞു.