"വീണ്ടും പോസ്റ്റുമോർട്ടം നടത്താനും തയാറാണ്'; റിഫയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം


കോഴിക്കോട്: വ്ളോഗർ റിഫാ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി. എ.കെ ശശീന്ദ്രനെ കണ്ടു. റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്താനും തയാറാണെന്നും പിതാവ് റാഷിദ് അറിയിച്ചു.

മാർച്ച് 1നാണ് റിഫയെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ദുബായിൽ വച്ച് പോസ്റ്റുമോർട്ടം നടത്തിയെന്ന് ഭർത്താവ് തെറ്റിദ്ധരിപ്പിച്ചതായി റിഫയുടെ കുടുംബം ആരോപിക്കുന്നു. ഇന്നലെ താമരശേരി ഡിവൈഎസ്പി റിഫയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു.Read alsoകടലുണ്ടിയിൽ ഫ്ലോട്ടിംഗ് റെസ്റ്റോറന്റിന് ഭരണാനുമതി

‘റിഫയെ ഭർത്താവ് ദ്രോഹിച്ച ദൃശ്യങ്ങളെല്ലാം കണ്ടിട്ടുണ്ട്. ബോഡി പോസ്റ്റുമോർട്ടം പോലും ചെയ്യാതെ നാട്ടിലെത്തിച്ചു. റിഫയുടേത് കൊലപാതകം തന്നെയാണ്. കൈയബദ്ധം സംഭവിച്ചതാവാം. പിന്നീട് അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം. ഭർത്താവിന്റെ സുഹൃത്ത് ജംഷാദിന്റെ സംസാരത്തിലും ദുരൂഹതയുണ്ട്’- പിതാവ് റാഷിദ് പറയുന്നു.

റിഫ മരിക്കുന്നതിന് തലേദിവസം രാത്രി വരെ താനുമായി വിഡിയോ കോൾ ചെയ്തിരുന്നുവെന്ന് റിഫയുടെ ഉമ്മ ട്വന്റിഫോറിനോട് പറഞ്ഞു. നാട്ടിലായിരുന്നപ്പോൾ റിഫയെ ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും ഗൾഫിലെത്തിയ ശേഷവും ഇത് തുടർന്നിരിക്കാമെന്നും ഉമ്മ പറയുന്നു. മുന്നോട്ട് ജീവിക്കാൻ ആഗ്രഹമുള്ള കുട്ടിയായിരുന്നു റിഫയെന്നും പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു.


കഴിഞ്ഞ മാർച്ച് 1ന് (ചൊവ്വാഴ്ച) ദുബായ് ജാഫിലിയയിലെ ഫഌറ്റിലാണ് ആൽബം താരവും പ്രശസ്ത വ്‌ളോഗറുമായ ഇരുപത്തിയൊന്നുകാരി റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ബാലുശേരി കാക്കൂർ സ്വദേശിയാണ് റിഫ. ഭർത്താവ് മെഹ്നാസിനൊപ്പം ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ചെയ്ത വിഡിയോ സ്‌റ്റോറിയാണ് അവസാന പോസ്റ്റ്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഫെബ്രുവരിയിലാണ് റിഫ നാട്ടിൽ നിന്ന് ദുബായിലെത്തിയത്.
Previous Post Next Post