
പയ്യോളി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുത്തന്‍പുരയില്‍ ജയ ദാസന്റെ മകള്‍ അനുശ്രീ (15) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അനുശ്രീ, വ്യാഴാഴ്ച നടന്ന ഫിസിക്‌സ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ മുകള്‍നിലയിലെ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടു. വിളിച്ചിട്ടും വിളി കേള്‍ക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കുമ്പോഴാണ് ജനലിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്.കുട്ടിക്ക് കഴിഞ്ഞ കണക്ക് പരീക്ഷയും ഇന്നത്തെ ഫിസിക്‌സ് പരീക്ഷയും ബുദ്ധിമുട്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം.
🔊 ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056