
ദില്ലി: കേരളത്തിനുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീൺ പവാർ കെ. മുരളീധരൻ എംപിയെ അറിയിച്ചു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർകാറിന്റെ നയമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
കേരളം എയിംസ് സ്ഥാപിക്കുന്നതിന് നാലു സ്ഥലങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കേരളാ എയിംസിന് തത്വത്തിൽ അംഗീകാരം നല്കുന്നതിനുവേണ്ടി ഇപ്പോൾ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇതോടൊപ്പം ദേശീയ ആരോഗ്യ മിഷൻ സംസ്ഥാനങ്ങൾക്ക് അവയുടെ പ്രോഗ്രാം ഇമ്പ്ലീമെന്റേഷൻ പ്ലാൻ അനുസരിച്ചു വേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും കേരളത്തിനും ഇത്തരം സഹായം നൽകാൻ കേന്ദ്രം ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. 2014-ൽ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്നാൽ രാജ്യത്തെ എല്ലാ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എയിംസ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും കേരളത്തിന് ഇതുവരെ എയിംസ് സംബന്ധിച്ച ഉറപ്പ് കേരളത്തിന് കിട്ടിയിട്ടില്ല.
കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. കിനാലൂർ അടക്കം നാല് സ്ഥലങ്ങൾ എയിംസ് സ്ഥാപിക്കാൻ കേന്ദ്രത്തിന് മുൻപിൽ കേരളം നിർദേശിച്ചിട്ടുണ്ട്. അതേസമയം എയിംസ് ആവശ്യപ്പെട്ട് കാസർകോട് ജില്ലയിൽ എയിംസ് സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളും എയിംസായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.