കെ ഫോണ്‍: ഓരോ നിയോജമണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ, ടെൻഡർ നടപടി തുടങ്ങി


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിലൂടെ ആദ്യഘട്ടത്തിൽ ഓരോ നിയോജമണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ നൽകും. ഗാർഹിക ഉപഭോക്താക്കൾക്ക് കണക്ഷൻ ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അർഹരായ ഉപഭോക്താക്കളെ കണ്ടെത്താനും കണക്ഷൻ നൽകുന്നതിനും ടെൻഡർ നടപടി തുടങ്ങി. സെക്കൻഡിൽ 10 മുതൽ 15 എംബി വരെ വേഗത്തിൽ ഒരുദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകും. എല്ലാ സർക്കാർ ഓഫീസുകളിലും കെ ഫോൺ നെറ്റ്‍വർക്ക് നൽകും. ഏപ്രിൽ 28 വരെയുള്ള കണക്കുകള്‍ പ്രകാരം പദ്ധതിയുടെ 61.38 % പ്രവൃത്തിയും പൂർത്തീകരിച്ചു. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഇൻഫോപാർക്കിലെ കെ ഫോൺ ശൃംഖലയുടെ നെറ്റ്‍വർക്ക് ഓപ്പറേഷൻ സെന്‍ററിന്‍റെ നിർമ്മാണം പൂർത്തിയായി. 52,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയ്ക്ക് 1531 കോടി രൂപയാണ് മുതൽമുടക്ക്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്‍റെ കെ ഫോൺ പദ്ധതി യാഥാർഥ്യമാവുകയാണ്. എന്താണ് ഈ സർക്കാർ ചെയ്തത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്നാണ് കെ ഫോണിന്‍റെ പുരോഗതി. ഗാർഹിക ഉപഭോക്താക്കൾക്ക് കെ-ഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകൾക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നൽകുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും കെ-ഫോൺ നെറ്റ്വർക്ക് നൽകും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ളതാണ് കെ-ഫോൺ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇന്‍റര്‍നെറ്റ് സേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്രളയങ്ങളും മഹാമാരികളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും കെ-ഫോൺ പോലെയുള്ള ഒരു വൻകിട പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്നത് അഭിമാനകരമാണ്.

✳ 2022 ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരം കെ ഫോൺ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂർത്തീകരിക്കാൻ കഴിഞ്ഞു.

✳ 8551 കി.മീ വരുന്ന ബാക്ബോൺ നെറ്റ്വർക്കിൽ 5333 കി.മീ പൂർത്തിയായി.

✳ ആക്സസ് നെറ്റ്വർക്കിന്‍റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതിൽ 14133 കി.മീ പൂർത്തീകരിച്ചു.

✳ 30000 എന്‍റ് ഓഫീസുകളിൽ 17891 എണ്ണം പൂർത്തിയായി.

✳ 376 പോയിന്‍റ് ഓഫ് പ്രസൻസ് നോഡുകളിൽ (PoP) 118 എണ്ണം പൂർത്തീകരിച്ചു.


✳ നെറ്റ്വർക്ക് ഓപ്പറേഷൻ സെന്‍ററിന്‍റെ നിർമ്മാണം പൂർണ്ണമായും കഴിഞ്ഞു.

✳ ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ.

✳ സെക്കന്‍റില്‍ 10 മുതൽ 15 എംബി വരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകും.

52,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ആവശ്യമായ കെ-ഫോൺ പദ്ധതിയുടെ മുതൽമുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്‌ ഇൻഫോ പാർക്കിലാണ്‌ കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക്ക്‌ ഓപ്പറേഷൻ സെന്‍റര്‍ (എൻഒസി) സ്ഥാപിച്ചിരിക്കുന്നത്. കെ-ഫോൺ പദ്ധതി പൂർത്തിയാകുന്നതോടെ സാമ്പത്തികമായ വേർതിരിവുകൾ മറികടന്ന് ഇന്‍റര്‍നെറ്റ് സേവനം എല്ലാ കുടുംബങ്ങൾക്കും നൽകാൻ സാധിക്കും. വിദ്യാഭ്യാസത്തിലും ജീവിതസൗകര്യത്തിലും തൊഴിൽ മേഖലയിലും സർവ്വോപരി നാടിന്‍റെ പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കെ-ഫോണിനു കഴിയുമെന്നത് സുനിശ്ചിതമാണ്. കേരളത്തെ ഒന്നാമതെത്തിക്കുന്ന പല പദ്ധതികളിൽ തിളങ്ങുന്ന ഒന്നായി കെ ഫോൺ മാറാൻ പോവുകയാണ്. എല്ലാ മേഖലകളിലും ഇന്‍റര്‍നെറ്റ് ബന്ധം ഉള്ള നാടായി നമ്മുടെ സംസ്ഥാനം മാറുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്യുന്ന സർവ്വതല സ്പർശിയായ സമഗ്ര വികസനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിടുക.
Previous Post Next Post