
കോഴിക്കോട് : നായ കടിച്ചാൽ എടുക്കുന്ന ആന്റി റാബീസ് വാക്സിൻ ക്ഷാമം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരുമാസമായി വാക്സിൻക്ഷാമം രൂക്ഷമാണ്. ഇൻജക്‌ഷൻ എടുക്കാൻ കമ്യൂണിറ്റി മെഡിസിന് കീഴിലുള്ള പ്രിവന്റീവ് മെഡിസിൻ വിഭാഗത്തിലും അത്യാഹിതവിഭാഗത്തിൽ പ്രവർത്തിക്കുന്ന എസ്.പി.എം. ക്ലിനിക്കിലും രാവിലെമുതൽ വൈകുന്നേരംവരെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
മരുന്നുതികയാതെ വരുമോയെന്ന് സംശയത്തിൽ മറ്റ് ആശുപത്രികളിൽനിന്നും വാക്സിൻ എത്തിക്കുകയായിരുന്നു. സമീപത്തെ ഹെൽത്ത് സെന്ററുകളിൽ മരുന്ന് ലഭ്യമല്ലാത്തതാണ് മെഡിക്കൽകോളേജിൽ ആന്റി റാബീസ് വാക്സിനായി എത്തുന്നവരുടെ തിരക്ക് വർധിക്കാൻ ഒരുകാരണം. ജനറൽ, ബീച്ച് ആശുപത്രികളിലെ അധികമുള്ള സ്റ്റോക്കിൽനിന്ന് മരുന്ന് അടിയന്തര നടപടിയായി ശേഖരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം അവിടങ്ങളിലും മരുന്നിന്റെ സ്റ്റോക്ക് കുറവാണ്.
മരുന്നിന്റെ ശേഖരം സംബന്ധിച്ച് വിവരങ്ങൾ വിതരണക്കാരായ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെ (കെ.എം.എസ്.സി.എൽ.) അറിയിച്ചിട്ടുണ്ടെങ്കിലും പുതിയ സാമ്പത്തിക വർഷത്തെ സ്റ്റോക്ക് ഇതുവരെ ലഭിച്ചുതുടങ്ങിയിട്ടില്ല. നിലവിൽ 50 കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് കെ.എം.എസ്.സി.എലിന്റെ ചട്ടം. മാനദണ്ഡങ്ങൾ ശക്തമാക്കിയതോടെ കെ.എം.എസ്.സി. എലിന്റെ ടെൻഡറിൽ ചെറുകിട കമ്പനികൾക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്.
വൻകിട കമ്പനികൾ കൂടുതൽ ഡിമാൻഡുകൾ മുമ്പോട്ട് വെച്ചതോടെ നടപടിക്രമങ്ങൾ വൈകാനിടയാക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലെത്തിയത്. നടപടികൾ പൂർത്തീകരിച്ചുകഴിയുമ്പോഴേക്കും ഒരുമാസം സമയമെടുക്കും. ഈ കാലയളവിൽ മരുന്ന് ക്ഷാമം, പ്രത്യേകിച്ച് ആന്റി റാബീസ് വാക്സിൻ, വീണ്ടും രൂക്ഷമാകാനിടയുണ്ട്. അതിനുപുറമേ പ്രധാനമരുന്നുകൾ ഒന്നിച്ചുവാങ്ങുന്നതിന് ആരോഗ്യവകുപ്പിന്റെ കർശന നിയന്ത്രണങ്ങളും നിലവിലുണ്ട്.
Tags:
Calicut Medical College