കോഴിക്കോട് : ഒന്നും രണ്ടുമല്ല 266 വെടിയുണ്ടകൾ എങ്ങനെയാണ് ഉപേക്ഷിച്ചത് എന്നതിന്റെ ഞെട്ടലിലാണ് കോഴിക്കോട് നെല്ലിക്കോട്ടുകാർ. ബൈപ്പാസിന് സമീപത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്ക് അപൂർവമായി വാഹനങ്ങൾ വരുന്നത് കണ്ടിട്ടിട്ടുണ്ടെങ്കിലും സംശയാസ്പദമായി ഇതുവരെ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അവർ പറയുന്നു. ഒഴിഞ്ഞപറമ്പാണെങ്കിലും ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല. പക്ഷേ, വെടിവെപ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകൾകൂടി ലഭിച്ചതാണ് നാട്ടുകാരെ കൂടുതൽ ഭയപ്പെടുത്തുന്നത്.
Read also: ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപണം; പേരാമ്പ്രയിൽ സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം
തീവ്രവാദബന്ധത്തെക്കുറിച്ചൊന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് എല്ലാ സാധ്യത കളും പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വെടിയുണ്ടകൾ അവിടെയെത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് മേധാവി എ. അക്ബർ പറഞ്ഞു.
വളരെ ചെറുതായിരുന്നതിനാൽ വെടിയുണ്ടയാണെന്ന് നാട്ടുകാർക്ക് മനസ്സിലായിരുന്നില്ല. യുവാക്കളുടെ മാലയുടെ ഭാഗമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പ്രദേശത്തെ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറാണ് വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കുകയായിരുന്നെന്ന് കോർപ്പറേഷൻ കൗൺസിലർ സുജാത കൂടത്തിങ്ങൽ പറഞ്ഞു. വെടിയുണ്ട കണ്ടെത്തിയ കുറ്റിയകുത്ത് പറമ്പിന്റെ സമീപത്ത് കാടുകയറി കിടക്കുകയാണ്. അവിടേക്ക് കയറിയാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടുകയുമില്ല. വെടിയുണ്ടകൾ ക്ലാവുപിടിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റാത്തതിനാൽ ഉപേക്ഷിച്ചതല്ലെന്നുതന്നെയാണ് നിഗമനം. ഇത്തരം വെടിയുണ്ടകൾക്ക് 20വർഷം വരെയൊക്കെ കാലാവധിയുണ്ട്.
പോലീസ് വിശദമായി പരിശോധിച്ചെങ്കിലും മറ്റൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ല. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാൽ, ബോംബ് സ്ക്വാഡ് എ.എസ്.ഐ. ആഷ്‌ലി തോറോ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി. ശിവാനന്ദൻ, സി. ധനേഷ്, സി.പി.ഒ. വത്സരാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.