
കോഴിക്കോട്:നാദാപുരത്ത് മകൻ്റെ കുത്തേറ്റ് പിതാവ് മരിച്ചു. ഇരിങ്ങണ്ണൂര്‍ പറമ്പത്ത് സൂപ്പി(62) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകന്‍ മുഹമ്മദലിയെ(31) കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം. വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനാണ് കുത്തേറ്റ് മരിച്ചത്. സൂപ്പിയുടെ ഭാര്യ നഫീസ(55), മറ്റൊരു മകന്‍ മുനീര്‍(28) എന്നിവര്‍ക്കും പരുക്കുണ്ട്. മനോദൗര്‍ബല്യമുള്ള മുഹമ്മദലി ഏറെ നാളായി ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
കൈ ഞരമ്പ് മുറിച്ച മുഹമ്മദലിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും സഹോദരനും തലശ്ശേരി സഹകരണ ആശുപത്രിയിലാണ്. സൂപ്പിയുടെ മറ്റൊരു മകള്‍ മുനീറ ഭര്‍തൃ വീട്ടിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയിലെ ജോലിക്കാരനാണ് മരിച്ച സൂപ്പി.