സിറ്റി സർക്കുലർ ജനപ്രിയമാകുന്നു; കൊച്ചിയിലും കോഴിക്കോടും ഉടൻ


തിരുവനന്തപുരം:തലസ്ഥാന നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനു കെഎസ്ആർടിസി അവതരിപ്പിച്ച സിറ്റി സർക്കുലർ സർവ്വീസുകൾ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസുകൾക്കു ലഭിക്കുന്ന ജനപ്രീതി മുൻനിർത്തിയാണു മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനു കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ബസുകൾ ഓടിത്തുടങ്ങിയത്.

നഗരത്തിലെ പ്രധാന പോയിന്റുകളെ ബന്ധിപ്പിച്ച് 10 റൂട്ടുകളിലാണു സർക്കുലർ ബസുകൾ സഞ്ചരിക്കുന്നത്. റൂട്ടുകൾ തിരിച്ചറിയാൻ റെഡ്, ബ്ലൂ, മജന്ത, യെല്ലോ, വയലറ്റ്, ബ്രൗൺ, ഗ്രീൻ നിറങ്ങൾ നൽകി. ഈ റൂട്ടുകളിൽ ഓരോ 15 മിനിറ്റിലും ബസ് വരും. തിരക്കുള്ള സമയമാണെങ്കിൽ 10 മിനിറ്റ് ഇടവേളയിൽ ബസ് ഉണ്ടാകും. ടിക്കറ്റ് മിനിമം 10 രൂപയും പരമാവധി 30 രൂപയും. 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാനുള്ള ഗുഡ് ഡേ ടിക്കറ്റ് ടിക്കറ്റ് സൗകര്യമുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു പ്രീ പെയ്ഡ് ഡിജിറ്റൽ കാർഡും കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. ബസിൽ പണം നേരിട്ടു നൽകാതെ സഞ്ചരിക്കാൻ കഴിയുന്ന ഈ ട്രാവൽ കാർഡ് പരമാവധി 2000 രൂപയ്ക്കു വരെ റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാനാകും.
തുടക്കത്തിൽ ഏഴു റൂട്ടുകളാണു സർക്കുലർ സർവീസിൽ ഉണ്ടായിരുന്നത്. പദ്ധതിയുടെ ലാഭകരമായ നടത്തിപ്പിനായി ഇത് 10 റൂട്ടുകളായി പരിഷ്‌കരിക്കുകയായിരുന്നു. പേരൂർക്കടയിൽനിന്ന് ആരംഭിക്കുന്ന മജന്ത, യെല്ലോ, വയലറ്റ്, ബ്ലൂ, റെഡ് റൂട്ടുകളിലെ ബസുകളെല്ലാം ഇപ്പോൾ തമ്പാന്നൂർ വരെ നീട്ടിയിട്ടുണ്ട്. പ്രതിദിനം 20,000 പേർ സിറ്റി സർക്കുലർ ബസുകളിൽ യാത്ര ചെയ്യുന്നുണ്ടെന്നാണു കെ.എസ്.ആർ.ടി.സിയുടെ കണക്ക്. ഒന്നര കോടിയിലേറെ രൂപ വരുമാനവും ഇതുവരെ ലഭിച്ചുകഴിഞ്ഞു.

കൊച്ചിയിലും കോഴിക്കോടും സർക്കുലർ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കെ.എസ്.ആർ.ടി.സി. ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സ്‌പെഷ്യൽ ഓഫിസറെ ഇരു നഗരങ്ങളിലും നിയമിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ പരിഷ്‌കാരങ്ങളുടെ ആദ്യഘട്ടമായി വിശേഷിപ്പിക്കുന്ന പദ്ധതി വരുംനാളുകളിൽ കൂടതൽ ജനപ്രിയമാക്കാനാണു കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.
Previous Post Next Post