കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു; ചാടിയത് കുളിമുറിയുടെ ഭിത്തിതുരന്ന്


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചു. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. 
വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത് . മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് ഇന്നലെ രാത്രി പുറത്തുകടന്നത്. രണ്ടുമുന്ന് ദിവസത്തെ പരിശ്രമം ഇതിനെടുത്തെന്നാണ് പൊലീസ് നിഗമനം. ഭിത്തിയുടെ ബലക്കറുവ് അനുകൂലമായി. പൊലീസ് നിരീക്ഷണത്തിലുളള സെല്ലിൽ നിന്ന് ഇയാൾ പുറത്ത് കടന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. നോട്ടപ്പിഴവുണ്ടായോ എന്നതുൾപ്പെടെ അന്വേഷിക്കും.

അർദ്ധരാത്രിയോടെ പുറത്തുകടന്ന ഇർഫാൻ, പരിസരത്തെ ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് മലപ്പുറത്തേക്ക് കടന്നത്. കോട്ടക്കലിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ സംവിധാനങ്ങളോ ഇല്ലെന്ന ഹൈക്കോടതി നിരീക്ഷണമുൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. 


ജീവനക്കാരുടെ പിഴവല്ലെന്നും കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ പ്രതി മുതലാക്കിയെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. കാലപ്പഴക്കമുളള കെട്ടിടങ്ങൾ ഉടൻ നന്നാക്കും. അതേസമയം അടിയന്തിരമായി സുരക്ഷാ ജീവനക്കാരെ താത്ക്കാലികമായി നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല .
Previous Post Next Post