എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് വിദ്യാർത്ഥിനിയുടെ മരണം; ജില്ലയിൽ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്


കോഴിക്കോട്: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് വിദ്യാർത്ഥിനി മരിച്ചതോടെ കോഴിക്കോട് ജില്ലയിൽ ജാഗ്രത ശക്തമാക്കി. മരിച്ച ഋതുനന്ദയുടെ വീടിന് ചുറ്റുവട്ടത്ത് ആരോഗ്യ വകുപ്പിന്‍റെ ഫീവർ സർവേ ആരംഭിച്ചു. രോഗം ബാധിച്ച ഋതുനന്ദയുടെ ഇരട്ട സഹോദരിയും ചികിത്സയിൽ തുടരുകയാണ്.

ഇക്കഴിഞ്ഞ മേയ് 29 നാണ് പനിയെത്തുടർന്ന് ഉള്ളിയേരി ആനവാതിൽ സ്വദേശി ഋതുനന്ദയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് നൽകിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ച കുട്ടിക്ക് പനി കൂടിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ച് തിങ്കളാഴ്ച അർധരാത്രിയോടെ മരിച്ചു. ശേഷം മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ച ഋതുനന്ദയുടെ സഹോദരിയിലും എച്ച്1എൻ1 സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രത ശക്തമാക്കി.
ഇതുവരെ നടത്തിയ പരിശോധനയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യമുണ്ടായില്ലെന്നും ഹെൽത്ത് ഇൻസെപെക്ടർ പറഞ്ഞു. ക്ലോറിനേഷൻ പ്രവർത്തനങ്ങളും ആവശ്യമെങ്കിൽ ഫീവർ ക്ലീനിക്കുകളും ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ട് മുതൽ ഏഴ് ദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു. 

ലക്ഷണങ്ങൾ... 

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്.


ചികിത്സാരീതികൾ... 

രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം.

പ്രതിരോധ നടപടികൾ... 

1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക. 

2. ജലദോഷപ്പനിയുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക.

3. പോഷകാഹാരങ്ങൾ കഴിക്കുക, ചൂടുള്ള പാനീയങ്ങൾ കുടിക്കുക. 

4. ഗർഭിണികൾ, പ്രമേഹരോഗികൾ, മറ്റു ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർ രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

5. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എൻ1 പനിയും തടയാൻ സഹായിക്കും.
Previous Post Next Post