കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിവരം തിരക്കാന്‍ ഫോണില്‍ വിളിച്ചയാളോട് നിരുത്തരവാദപരമായി പെരുമാറിയെന്ന് കാണിച്ച് താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു.
Read also: കൂളിമാട് പാലത്തിൻ്റെ തകർച്ചയിൽ യുഎൽസിസിക്ക് താക്കീത്, രണ്ട് പൊതുമരാമത്ത് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് ജീവനക്കാരിയെ പുറത്താക്കിയത്.കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ഡോക്ടര്‍ അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്നായിരുന്നു ആശുപത്രി ജീവനക്കാരി നല്കിയ മറുപടി. ഏത് ദിവസം ഉണ്ടാകും എന്ന് ചോദ്യം ആവര്‍ത്തിച്ചപ്പോളും ഇതേ മറുപടി നല്കി.
ഈ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാരിയെ പിരിച്ചുവിട്ടത്.
ഡോക്ടറെ അന്വേഷിച്ച് വിളിച്ച സ്ത്രീ അതിന് മുമ്പ് രണ്ട് തവണ ഇതേ കാര്യം ചോദിച്ച് വിളിച്ചിരുന്നെന്നും ആ സമയത്ത് കൃത്യമായി മറുപടി നല്‍കിയിരുന്നെന്നുമാണ് ജീവനക്കാരിയുടെ വിശദീകരണം. വീണ്ടും വിളിച്ചപ്പോളാണ് ഈ രീതിയില്‍ പ്രതികരിക്കേണ്ടി വന്നതെന്നും ജീവനക്കാരി വിശദീകരിച്ചു.