പെരുമണ്ണയിൽ മൂന്നുവയസ്സുകാരനെ തെരുവുനായ കടിച്ചുപറിച്ചു

തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് സ്വാലിഹ് ചികിത്സയ്ക്കിടെ

പെരുമണ്ണ : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്റെ കവിളും ഇടതുകാലും തെരുവുനായ കടിച്ചുപറിച്ചു. പെരുമണ്ണ പാറമ്മൽ കട്ടക്കളത്തിൽ ബുഷൈർ ബാഖവിയുടെ മകൻ മുഹമ്മദ് സ്വാലിഹിനെയാണ് തെരുവുനായ ക്രൂരമായി ആക്രമിച്ചത്.
കവിളിന്റെ ഒരുഭാഗം കടിച്ചുതൂങ്ങിയ നിലയിലാണ്. കാലിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക്‌, 48 മണിക്കൂറിനുശേഷം ശസ്ത്രക്രിയ നിർദേശിച്ചിരിക്കയാണ് ഡോക്ടർമാർ.

വ്യാഴാഴ്ച രാവിലെ 8.30-നാണ് സംഭവം. കുട്ടിയുടെ പിറകിലൂടെയെത്തിയ തെരുവുനായ മുഖത്താണ് ആദ്യം കടിച്ചത്. തുടർന്ന് നിലത്തുവീണ കുട്ടിയുടെ കാലിൽ കടിച്ചുവലിക്കുകയായിരുന്നു.


നിലവിളി കേട്ടെത്തി കുട്ടിയെ വാരിയെടുക്കുന്നതിനിടെ ഉമ്മ സൈനബയെയും തെരുവുനായ കടിക്കാനെത്തി. ഇവർ കുട്ടിയെ എടുത്ത് വീടിനകത്തേക്കോടി വാതിലടയ്ക്കുകയായിരുന്നു.

പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം രൂക്ഷമാണ്. പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറെപ്പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
Post a Comment (0)
Previous Post Next Post