നൂറ്റി അന്‍പതിലധികം മോഷണം ; രണ്ട് കോഴിക്കോട് സ്വദേശികള്‍ കാസര്‍കോട് പിടിയിൽ
കാസര്‍കോട്: നൂറ്റി അന്‍പതിലധികം മോഷണം നടത്തിയവര്‍ കാസര്‍കോട്ട് പിടിയില്‍. കോഴിക്കോട് സ്വദേശികളായ പ്രബീഷ്, ഷിജിത്ത് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. തലപ്പാടിയില്‍ നിന്നും ബസില്‍ പോക്കറ്റടിക്കിടെയാണ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിയായ പ്രബീഷ് പിടിയിലായത്. കൂടെ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം പൊലീസ് വ്യാപക പരിശോധന നടത്തി. ഒടുവില്‍ കൂട്ടാളിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ഷിജിത്തിനെയും പിടികൂടി.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസിന് മനസിലായത്. നൂറ്റി അന്‍പതിലധികം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയും പിടിക്കപ്പെടാത്തതാണ്. പിടിക്കപ്പെട്ട കേസുകളും അനേകമുണ്ട്. പ്രബീഷിനെതിരെ ബാലുശേരി, കല്‍പ്പറ്റ, പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഷിജിത്തിനെതിരെ കുമ്പള സ്റ്റേഷനില്‍ നേരത്തെ കേസുണ്ട്.


കാഞ്ഞങ്ങാട്ടെ താമസ സ്ഥലത്ത് നിന്നും രാവിലെ മംഗലാപുരത്തേക്ക് തീവണ്ടിയില്‍ പോയി അവിടെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്നാണ് സംഘം പോക്കറ്റടിക്കുന്നത്. ഓരോ ദിവസവും കിട്ടുന്ന കാശുമായി കാഞ്ഞങ്ങാട്ടേക്ക് തിരിച്ചെത്തുന്നതായിരുന്നു ഇവരുടെ രീതി. ഈ സംഘം എവിടെയെല്ലാം മോഷണങ്ങള്‍ നടത്തിയെന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Previous Post Next Post