റീ പോസ്റ്റുമോര്‍ട്ടം നടത്തണം; കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍



കോഴിക്കോട്: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ട്രെയിന്‍ തട്ടി മരിച്ച കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന ആവശ്യവുമായി കുടുംബം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇത് സംബന്ധിച്ച് ബന്ധുക്കള്‍ ആവശ്യമുന്നയിച്ചത്. ജംഷീദിന്റെ മരണ സമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നെന്നും ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കര്‍ണാടക പൊലീസിന്റെ അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ല. മകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഗൂഡാലോചന സംശയിക്കുന്നുണ്ട്. ജംഷീദിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. കേരളത്തില്‍ തന്നെ റീ പോസ്റ്റ്‌മോര്‍ട്ടം നടത്താനും അന്വേഷിക്കാനും ഇടപെടല്‍ വേണമെന്നാണ് മുഹമ്മദിന്റെ ആവശ്യം.

ജംഷീദിന്റെ മരണത്തില്‍ ചില സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്നും സംശയമുണ്ടെന്നും മാതാപിതാക്കള്‍ തുടക്കം മുതലേ ആരോപിച്ചിരുന്നു. എന്നാല്‍ ജംഷീദിനൊപ്പം പോയെന്ന് പറയുന്ന അഫ്‌സല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തന്റെ കൂടെയല്ല ജംഷീദ് വന്നതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞത് പൂര്‍ണമായും വിശ്വസനീയമല്ലെന്നും ജംഷീദിന് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും അഫ്‌സല്‍ പറഞ്ഞു.


ശക്തമായ ആഘാതത്തെ തുടര്‍ന്നുള്ള പരിക്കുകളാണ് ജംഷീദിന്റെ ശരീരത്തില്‍ ഉള്ളതെന്നാണ് ആദ്യത്തെ പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ജംഷീദിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. തലയുടെ എല്ല് പൊട്ടിയിട്ടുണ്ട്. തലച്ചോറിനും പരിക്കുണ്ട്. ശരീരത്തില്‍ നിന്നും ഗ്രീസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ട്രെയിന്‍ തട്ടി ഉണ്ടാകുന്ന മരണങ്ങളില്‍ ശരീരത്തില്‍ ഗ്രീസ് കണ്ടെത്താറുണ്ടെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്രെയിന്‍ തട്ടിയാണ് പരിക്കെന്ന പരാമര്‍ശമില്ലാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. പകരം ശക്തമായ ആഘാതത്തെ തുടര്‍ന്നുണ്ടായ ക്ഷതങ്ങള്‍ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. ശരീരത്തില്‍ പരുക്കുകളടക്കം കണ്ടെത്തിയിട്ടും കര്‍ണാടക പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന നിലപാടിലാണ് കുടുംബം.
Previous Post Next Post