മോഷണ വാഹനത്തിൽ കറങ്ങി ഭണ്ഡാരമോഷണം; പ്രതികൾ കോഴിക്കോട് വെച്ച് പിടിയിലായി



കോഴിക്കോട്: രാത്രി കാലങ്ങളിൽ മോഷ്ടിച്ച ന്യൂജെൻ ബൈക്കുകളിൽ കറങ്ങി അമ്പലങ്ങളിൽ മോഷണം നടത്തുന്ന സംഘത്തെ കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്ന് പിടികൂടി. ചക്കും കടവ് അമ്പലത്താഴം എം.പി. ഹൗസിൽ മുഹമ്മദ് ഷിഹാൽ, ചക്കും കടവ് അമ്പലത്താഴം എം.പി. ഹൗസിൽ ഫാസിൽ, കുറ്റിക്കാട്ടൂർ കുഴ്മഠത്തിൽ മേത്തൽ മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം അന്തർജില്ലാ വാഹനമോഷണ സംഘത്തിലെ മുഖ്യ ആസൂത്രകനെ ക്രൈം സ്ക്വാഡും കസബ സബ് ഇൻസ്പെക്ടർ അഭിഷേകും ചേര്‍ന്ന് പിടികൂടിയതിനെ തുടർന്ന് സിറ്റിയിലെ വാഹനമോഷണ സംഘങ്ങളെ ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ. വാട്ട്സ് ആപ്പിൽ വൈറലായ മാറാട് താഴത്തുംകണ്ടി അമ്പലമോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിച്ചു. അമ്പലമോഷണം നടത്തുന്നതിനായി പാലോറ മലയിലുള്ള വീടിന്റെ മുറ്റത്ത് നി‍‍ർത്തിയിട്ടിരുന്ന പൾസർ എൻ.എസ്. 200 മോട്ടോർ സൈക്കിളാണ് മോഷ്ടിച്ചത്. പ്രതികളിൽ നിന്ന് എൻ.എസ് ബൈക്കും കണ്ടെടുത്തു.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലും അമ്പലമോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ആവശ്യം കഴിഞ്ഞാൽ ഹൈവേയുടെ അരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മോഷ്ടിച്ച വാഹനങ്ങൾ ഉപേക്ഷിക്കാറ്. ഇഷ്ടപ്പെട്ട വാഹനം തുടർന്നും ഉപയോഗിക്കുന്നതിനായി ആളുകൾക്ക് സംശയം തോന്നാത്ത വിധം റോഡരികിൽ പാർക്ക് ചെയ്തിടാറാണ് പതിവ്. എലത്തൂർ സബ് ഇൻസ്പെക്ടർ രാജേഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് വാഹനമോഷണത്തെതുടർന്നുള്ള ഭണ്ഡാരമോഷണത്തിൻ്റെ ചുരുളഴിഞ്ഞത്.


കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് നഗരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന വാഹനമോഷണങ്ങൾ അന്വേഷിച്ചുവരികയായിരുന്നു. ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സിപിഓ ജിനേഷ് ചൂലൂർ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Previous Post Next Post