രാമനാട്ടുകര മേൽപ്പാലം: രണ്ടുതൂണുകളുടെ പിയർ ക്യാപ് പൂർത്തിയായി

നിർമാണം പുരോഗമിക്കുന്ന രാമനാട്ടുകര മേൽപ്പാലം


രാമനാട്ടുകര : കോഴിക്കോട് ദേശീയപാത ബൈപ്പാസ് ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന രാമനാട്ടുകരയിലെ രണ്ടാമത്തെ മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പാലത്തിന്റെ ആകെയുള്ള 15 തൂണുകളിൽ ഒന്നിന്റെ പൈലിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. കോഴിക്കോട് ബൈപ്പാസും കോഴിക്കോട്-പാലക്കാട്‌ ദേശീയപാതയും കൂടിച്ചേരുന്ന ബൈപ്പാസ് ജങ്‌ഷനിലേതാണിത്.
ഇതിന്റെ പൈലിങ്ങിനുവേണ്ടി പുതിയ റോഡ്‌ നിർമിച്ചു ബൈപ്പാസ് ജങ്‌ഷനിലെ ഗതാഗതം മാറ്റിയിട്ടുണ്ട്. കഴിഞ്ഞദിവസം പൈലിങ്ങിനുവേണ്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ ഭാഗത്തെ മണ്ണുനീക്കിയപ്പോൾ ഭൂമിക്കടിയിലൂടെ പോകുന്ന ചീക്കോട് കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടിയിരുന്നു. ഈ പൈപ്പുകൾമാറ്റിയതിനുശേഷം ഇവിടെ പൈലിങ് നടത്തുന്നതിനാണ് തീരുമാനം.

നിർമാണം പൂർത്തിയായ മേൽപ്പാലത്തിന്റെ രണ്ടുതൂണുകളിൽ പിയർ ക്യാപ് സ്ഥാപിച്ചുകഴിഞ്ഞു. രണ്ടെണ്ണത്തിൽ പിയർ ക്യാപ് നിർമാണം നടക്കുകയാണ്. തൂണുകളുടെ ഡൈനാമിക് ലോഡ് ടെസ്റ്റിങ്‌ രണ്ടാംഘട്ടം രണ്ടുദിവസംമുമ്പ് പൂർത്തിയായി.

മേൽപ്പാലത്തിന്റെ സ്പാനുകൾക്കിടയിൽ ഉള്ള ബീമിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്. നീലിത്തോട് പാലത്തിനുസമീപം നിർമാണം പൂർത്തിയാക്കിയശേഷമാണ് ഇത് ക്രെയിൻ ഉപയോഗിച്ച് തൂണുകൾക്കിടയിൽ സ്ഥാപിക്കുക. 440 മീറ്റർ നീളവും 14.5 മീറ്റർ വീതിയിലും ആണ് മേൽപ്പാലം നിർമിക്കുന്നത്.


ഇതിന്നിടെ മേൽപ്പാലം തൂണിന്റെ പിയർക്യാപ് രണ്ടെണ്ണം പൂർത്തിയായി കഴിഞ്ഞപ്പോൾ കിഴക്കുഭാഗം സർവീസ്റോഡിൽ വീതിക്ക് കുറവ് വന്നിരിക്കയാണ്. 6.25 മീറ്റർ വീതിയാണ് സർവീസ് റോഡിനുവേണ്ടത്. എന്നാൽ, കിഴക്കുഭാഗത്തു സർവീസ്റോഡിനു ഇപ്പോൾ ഈ വീതിയില്ല. പഴയ മേൽപ്പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത്‌ ആവശ്യമായ വീതിയുണ്ട്. ഇതിനു പരിഹാരമായി മേൽപ്പാലത്തിനു കിഴക്കുഭാഗത്തെ നിലവിലുള്ള നടപ്പാത പൊളിച്ചുമാറ്റി സർവീസ്റോഡിന്റെ വീതികൂട്ടാനാണ് പദ്ധതി. 45 മീറ്റർ വീതിയിലാണ് ബൈപ്പാസിന് സ്ഥലമേറ്റെടുത്തത്. ആദ്യത്തെ മേൽപ്പാലം നിർമിച്ച്‌ അതിനുതൊട്ടരികിൽ പുതിയ മേൽപ്പാലം നിർമിച്ചപ്പോൾ സർവീസ് റോഡിനു വീതികുറഞ്ഞതിന് അധികൃതർക്ക് കാരണംപറയാൻ കഴിയുന്നില്ല.
Previous Post Next Post