താമരശ്ശേരി ചുരം റോപ് വേ പദ്ധതി; കലക്ടറേറ്റിൽ കുടുങ്ങിയിട്ട് ഒരു വർഷം

 


താമരശ്ശേരി: ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വൈകുന്നതു മൂലം താമരശ്ശേരി ചുരം റോപ് വേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇഴ‍ഞ്ഞുനീങ്ങുന്നു. പദ്ധതിയുടെ ലോവർ ടെർമിനലിനും അനുബന്ധ സംവിധാനങ്ങൾക്കുമായി അടിവാരത്തു കമ്പനി വാങ്ങിയ 10 ഏക്കർ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ 3 വർഷം മുൻപാണ് റവന്യു വകുപ്പിനു നൽകിയത്. റവന്യു സെക്രട്ടറിയുടെ കാര്യാലയത്തിൽ നിന്നു പരിശോധനയ്ക്കു വിട്ട അപേക്ഷയിൽ വില്ലേജ് ഓഫിസറും തഹസിൽദാരും അനുകൂല റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, കോഴിക്കോട് കലക്ടറേറ്റിൽ തുടർ നടപടികൾ വൈകുന്നുവെന്നാണ് ആരോപണം.


തഹസിൽദാരുടെ കാര്യാലയത്തിൽ നിന്നു റിപ്പോർട്ട് സഹിതം കലക്ടറേറ്റിലെത്തിയ ശുപാർശ ഒരു വർഷത്തിലധികമായി തീർപ്പു കാത്തു കിടക്കുകയാണ്. ഇതോടെ കഴിഞ്ഞ മേയിൽ നിശ്ചയിച്ച പ്രവൃത്തി ഉദ്ഘാടനം പോലും ഇതുവരെ നടത്താനായില്ല. റോപ്‌വേയുടെ അപ്പർ ടെർമിനൽ സ്ഥാപിക്കുന്നതിനു ലക്കിടിയിൽ കമ്പനി വാങ്ങിയ 2 ഏക്കർ ഭൂമിയിൽ ഒന്നര ഏക്കർ വനം വകുപ്പ് പരിസ്ഥിതി ദുർബല പ്രദേശത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നുണ്ടായ പ്രശ്‌നം പോലും പരിഹരിക്കപ്പെട്ടപ്പോഴാണ് ഭൂമി തരംമാറ്റൽ ശുപാർശയിൽ നടപടി വൈകുന്നത്.

ബത്തേരി ചീരാലിനു സമീപം 2 ഏക്കർ ഭൂമി വനം വകുപ്പിനു കൈമാറിയാണ് തടസ്സം ഒഴിവാക്കിയത്. ലക്കിടിയിൽ നിർമാണത്തിനു അനുമതി വനം-പരിസ്ഥിതി മന്ത്രാലയം വൈകാതെ ലഭ്യമാക്കുമെന്നാണ് വിവരം. തരംമാറ്റൽ ശുപാർശ കൂടി അംഗീകരിക്കപ്പെട്ടാൽ എത്രയും വേഗം നിർമാണപ്രവൃത്തി ആരംഭിക്കാനാകും. പദ്ധതിക്കായി അടിവാരത്ത് ഉപയോഗപ്പെടുത്തുന്ന ഭൂമി പണ്ട് റബർ തോട്ടം ആയിരുന്നു.

തരംമാറ്റൽ ശുപാർശ റവന്യു സെക്രട്ടറിക്ക് അയയ്ക്കുന്നതിനു കൽപറ്റ, തിരുവമ്പാടി, കോഴിക്കോട് എംഎൽഎമാർ സമ്മർദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.

റോപ് വേ പദ്ധതി ഒറ്റനോട്ടത്തിൽ

കോഴിക്കോട് ഡിടിപിസി, വയനാട് ഡിടിപിസി, വയനാട് ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ ഏ‍ജൻസികളുടെ കൺസോർഷ്യമായ വെസ്റ്റേൺ ഗട്ട്സ് ഡവലപ്മെന്റ് കമ്പനി ആണ് ചുരം റോപ് വേ പദ്ധതി നടപ്പിലാക്കുന്നത്. 3.675 കിലോമീറ്റർ റോപ്‌വേയിലൂടെ ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റേപ്‌വേയായിരിക്കും ഇത്.ചുരത്തിൽ ഏകദേശം 2 ഹെക്ടർ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. കാഴ്ചകൾ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കാൻ 15 മിനിറ്റ് മതി. 3 കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മതി. ഒരേസമയം 6 പേർക്കു യാത്ര ചെയ്യാനാകുന്ന കേബിൾ കാറുകളാണ് റോപ്‌വേയിൽ ഉണ്ടാകുക. അടിവാരത്തിനും ലക്കിടിക്കും ഇടയിൽ 40 ടവറുകൾ സ്ഥാപിക്കേണ്ടിവരും.

ബത്തേരിയിൽനിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സർവീസുകളും ഏർപെടുത്തും.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. റോപ് വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡ് കൂടി യാഥാർഥ്യമായാൽ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.


ഭൂമി തരംമാറ്റുന്നതിനുള്ള ശുപാർശ കോഴിക്കോട് കലക്ടർ റവന്യു സെക്രട്ടറിയുടെ ഓഫിസിലേക്ക് അയയ്ക്കാത്തതു മാത്രമാണു പ്രവൃത്തി തുടങ്ങുന്നതിനു തടസ്സം. നടപടികൾ ഇനിയും വൈകിയാൽ നിർമാണസാമഗ്രികളുടെ വിലക്കയറ്റം പദ്ധതിയെ ബാധിക്കും. മൂന്നു വർഷം മുൻപ് 70 കോടി രൂപയാണ് പദ്ധതിക്കു കണക്കാക്കിയ ചെലവ്. 
ജോണി പാറ്റാനി പ്രസിഡന്റ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ്

താമരശ്ശേരി ചുരം റോപ് വേ പദ്ധതിക്കായി കണ്ടെത്തിയ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ സജീവ പരിഗണനയിലാണ്. ഭൂപരിഷ്കരണ നിയമപ്രകാരമുള്ള സമിതിയുടെ യോഗം അടുത്തയാഴ്ച ചേരുന്നുണ്ട്. സമിതിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. 
എൻ. തേജ് ലോഹിത് റെഡ്ഡി കലക്ടർ, കോഴിക്കോട്
Previous Post Next Post