തേഞ്ഞിപ്പലം: കോഴിക്കോട് സരോവരം കളിപ്പൊയ്കയിൽ നിന്ന് കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക് ബോട്ട് സർവീസ് നടത്താനുള്ള പദ്ധതിയുടെ സർവേ തുടങ്ങി. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽപെട്ട പുല്ലിപ്പുഴയിലെ പാറക്കടവ് മുതൽ 2.5 കിലോമീറ്റർ കനോലി കനാലിലും ഒലിപ്രം തിരുത്തി മുതൽ കടലുണ്ടി പക്ഷി സങ്കേതം വരെ 2.5 കിലോമീറ്റർ കടലുണ്ടിപ്പുഴയിലും ഇതനുസരിച്ച് സർവേ പൂർത്തിയായി. ബാക്കി സ്ഥലങ്ങൾ കോഴിക്കോട് ജില്ലയിൽ ആയതിനാൽ അവിടത്തെ വൻകിട ജലസേചന വിഭാഗം എൻജിനീയർമാരാണ് നടപടികൾ സ്വീകരിക്കേണ്ടത്.
വേലിയിറക്ക സമയത്ത് ഒന്നര മീറ്ററും വേലിയേറ്റ സമയത്ത് ഒന്നേമുക്കാൽ മീറ്ററും ജല സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെളി നീക്കുന്നത് അടക്കമുള്ള പദ്ധതികൾ നടപ്പാക്കും. കനോലി കനാൽ സമീപ കാലത്ത് ചെളി നീക്കി ആഴം കൂട്ടിയതാണെങ്കിലും ഇപ്പോൾ പലയിടത്തും ഒരു മീറ്റർ വരെ ചെളി അടിഞ്ഞതായി സർവേയിൽ കണ്ടെത്തി. കനോലി കനാലും കടലുണ്ടിപ്പുഴയും സംഗമിക്കുന്ന ഭാഗത്തും ചെളിയുണ്ട്. അവ നീക്കാൻ വൈകാതെ പദ്ധതി ആവിഷ്കരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചാലിയാർ, പുല്ലിപ്പുഴ, കടലുണ്ടിപ്പുഴ, കനോലി കനാൽ എന്നിവ ബന്ധപ്പെടുത്തിയുള്ള പദ്ധതിയാണ്. അസി. എക്‌സി. എൻജിനീയർമാരായ പി. അശോക് കുമാർ, അസി. എൻജിനീയർ പി.എം. അഹമ്മദ് അലി (പരപ്പനങ്ങാടി), അസി. എൻജിനീയർ പി. ശിഹാബുദ്ദീൻ (കൊണ്ടോട്ടി) തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേലേമ്പ്ര പഞ്ചായത്ത് അംഗങ്ങളായ അസീസ് പാറയിൽ, അനിത സുനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തോണിയിൽ സഞ്ചരിച്ച് നാലര മണിക്കൂർ നീണ്ട സർവേ.
പാലങ്ങൾ പൊളിച്ചുപണിയും
ഉൾനാടൻ ജലപാതാ പദ്ധതിയുടെ ഭാഗമായി കനോലി കനാലിലെ പാറക്കടവ്, ചരക്കടവ്, മുക്കത്തു കടവ് പാലങ്ങൾ പൊളിച്ച് പണിയാൻ പദ്ധതിയുണ്ട്. കനാൽ വീതി കൂട്ടാനും പദ്ധതി ആയതാണ്. ആ പണികൾ തുടങ്ങാനും പൂർത്തിയാകാനും 2 വർഷമെങ്കിലും വൈകും. അത് വരെ കാക്കാതെ അതിവേഗം ബോട്ട് സർവീസ് തുടങ്ങാൻ ജലപാത സജ്ജമാക്കണമെന്ന നിലയ്ക്കാണ് ഇപ്പോൾ പുഴയിലെ ജല സാന്നിധ്യം അളന്ന് ആവശ്യത്തിന് ആഴം ഉറപ്പാക്കാനായി ചെളി നീക്കാൻ പദ്ധതി ആവിഷ്കരിക്കുന്നത്. എസ്റ്റിമേറ്റ് സമർപ്പിച്ചാൽ വൈകാതെ ടെൻഡർ നടപടിയിലേക്ക് കടക്കാനും പദ്ധതി യാഥാർഥ്യമാക്കാനുമാണ് നീക്കം.