താമരശേരിയിലെ ഫൈറൂസിന്റെ മരണം: പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേതെന്ന് നിഷാല്‍; മരണത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘമാകാമെന്നും ആരോപണം


 
താമരശേരി: താമരശേരിയില്‍ ഫൈറൂസ് എന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ തന്റെ ഫോട്ടോ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ വിശദീകരണവുമായി തിരൂര്‍ സ്വദേശി നിഷാല്‍. ഭീഷണി സന്ദേശമെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദം തന്റേത് തന്നെയെന്ന് നിഷാല്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഫൈറൂസിന്റെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തനിക്ക് ഫൈറൂസിനെ അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. സുഹൃത്ത് പറഞ്ഞതിന്റെ മറുപടിയായി അയച്ച ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നതെന്നും നിഷാല്‍ പറഞ്ഞു.
ഫൈറൂസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അതിന് പിന്നില്‍ താമരശേരി സ്വദേശി ആഷിഖും ഇവരുടെ മറ്റുചില സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുമാണെന്ന് നിഷാല്‍ ആരോപിക്കുന്നു. നിഷാല്‍ ഗള്‍ഫിലായിരുന്ന സമയത്ത് ഇയാളുടെ ഭാര്യ ഫൈറൂസിന്റെ സുഹൃത്ത് ആഷിഖുമായി പ്രണയത്തിലാകുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫൈറൂസിന്റെ ആഷിഖ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ പെണ്‍വാണിഭസംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നും തന്റെ മുന്‍ ഭാര്യ ഇതില്‍ പെട്ടുപോയെന്നും നിഷാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഫൈറൂസ് ചികിത്സയിലിരിക്കെ സുഹൃത്തിന് ലഭിച്ച നിഷാലിന്റെ ശബ്ദസന്ദേശം ഉയര്‍ത്തിക്കാട്ടി മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഫൈറൂസിന്റെ കുടുംബം ആരോപിച്ചിരുന്നു.ഫൈറൂസിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തങ്ങളോട് കളിച്ചതിനെല്ലാം ഫൈറൂസിനോട് പകരം ചോദിച്ചെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തെത്തിയിരിരുന്നത്. ഫൈറൂസ് അടികിട്ടിയിരിക്കുകയാണെന്നും അടുത്തത് ആഷിഖാണെന്നും ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു.


ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സന്ദേശം ഫൈറൂസിന്റെ സുഹൃത്ത് മിത്‌ലാജിന് ലഭിച്ചത്. ഫൈറൂസിന്റെ സുഹൃത്ത് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് ക്വട്ടേഷന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു. ഈ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
Previous Post Next Post