ബൈപ്പാസ് വികസനം ഇഴഞ്ഞ് നീങ്ങുന്നു




എലത്തൂർ : ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്ന പ്രവൃത്തിക്ക് ഒച്ചിന്റെ വേഗം. ദേശീയപാത 66-ൽ വെങ്ങളം മുതൽ രാമനാട്ടുകരവരെയുള്ള 28.4 കിലോമീറ്റർവരുന്ന ബൈപ്പാസിന്റെ വിപുലീകരണപ്രവൃത്തിയാണ് ഇഴഞ്ഞുനീങ്ങുന്നത്. 2018 ഏപ്രിലിൽ കരാറായ പദ്ധതി 2020 ഏപ്രിലിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.സി. (കൃഷ്ണമോഹൻ കൺസ്ട്രക്ഷൻ കമ്പനി) യാണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്.
1853 കോടിയാണ് കരാർ തുക. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ 2021 ഓഗസ്റ്റിലാണ് ആദ്യഘട്ടപ്രവൃത്തി തുടങ്ങിയത്.

2022 ഫെബ്രുവരിയിൽ പ്രവൃത്തിയുടെ 20 ശതമാനം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഒന്പതുശതമാനം മാത്രമാണ് നിലവിൽ പൂർത്തിയായത്. ഡിസംബറിൽ 40 ശതമാനം പ്രവൃത്തി പൂർത്തിയാക്കാനാകുമെന്ന ദേശീയപാത അതോറിറ്റിയുടെ കണക്കുകൂട്ടലുകളും ഇതോടെ പാളി. റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ടുയർത്തുന്ന പ്രവൃത്തിപോലും പലയിടങ്ങളിലും മുടങ്ങി ക്കിടക്കുന്നുണ്ട്. അതേസമയം വെങ്ങളം-അഴിയൂർ ദേശീയപാത വികസനവും രാമനാട്ടുകര- ഇടിമൂഴിക്കൽ-കുറ്റിപ്പുറം ദേശീയപാത വികസനപ്രവൃത്തികളും തടസ്സമില്ലാതെ നടക്കുന്നുണ്ട്. യഥാക്രമം അദാനി എൻറർപ്രൈസസ്, കെ.എൻ.ആർ. കൺസ്ട്രക്ഷൻ എന്നീ കമ്പനികളാണ് ഇവയുടെ പ്രവൃത്തി നടത്തുന്നത്.

ഈ പദ്ധതികൾക്ക് മുമ്പ് കരാറായ പ്രവൃത്തിയാണ് ബൈപ്പാസ് വിപുലീകരണം. ബൈപ്പാസിന് വടക്കും തെക്കും ഭാഗത്തുള്ള പ്രവൃത്തികൾ പൂർത്തിയാവുകയും, ബൈപ്പാസ് പ്രവൃത്തി വൈകുകയും ചെയ്താൽ നഗരത്തിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാവും.


വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള പാതയിൽ ഏഴിടങ്ങളിൽ മേൽപ്പാലങ്ങളും നൂറിലധികം കലുങ്കുകളും പണിയണം. മൊകവൂർ, അമ്പലപ്പടി, കൂടത്തുംപാറ, വയൽക്കര, മാളിക്കടവ് എന്നിവിടങ്ങളിൽ അടിപ്പാതകളും നിർമിക്കണം.

വേങ്ങേരി, മലാപ്പറമ്പ് ജങ്ഷനുകളിൽ അറുനൂറ് മീറ്ററോളം ഭൂഗർഭപാതയായാണ് ബൈപ്പാസിന്റെ രൂപരേഖ. ഇവിടങ്ങളിൽ യഥാക്രമം ബാലുശ്ശേരി റോഡ്, വയനാട് റോഡ് എന്നിവയ്ക്ക് താഴെഭാഗത്തു കൂടിയാണ് പാത കടന്നുപോകുക. പ്രവൃത്തി വേഗത്തിലാക്കാൻ കരാർ കമ്പനി പ്രതിനിധികളുടെയും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം നേരത്തെ എം.കെ. രാഘവൻ എം.പി. വിളിച്ചുചേർത്തിരുന്നു. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് കാലതാമസമില്ലാതെ പ്രവൃത്തി നടത്താൻ അന്നെടുത്ത തീരുമാനം കടലാസിനപ്പുറം ഒരിഞ്ച് നീങ്ങിയില്ല.
Previous Post Next Post