കോഴിക്കോട്: മോട്ടർ വാഹന നിയമം മറികടന്നു വാഹനങ്ങൾ സർവീസ് നടത്തുന്നതു വ്യാപകമായ സാഹചര്യത്തിൽ ഇന്നലെ രാത്രി മുതൽ ജില്ലയിൽ 'ഓപ്പറേഷൻ ഫോക്കസ് – 2' എന്ന പേരിൽ മോട്ടർ വാഹന വകുപ്പ് പരിശോധന തുടങ്ങി. ബസുകളിലും ട്രാവലർ, കാർ തുടങ്ങിയ വാടക വാഹനങ്ങളിലും അനുമതിയില്ലാതെ രൂപമാറ്റം, അമിത ശബ്ദം, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം, മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കും വിധത്തിൽ വാഹനങ്ങളിൽ പിന്നിലും വശങ്ങളിലും ചിത്രങ്ങൾ തുടങ്ങി 20 നിയമ ലംഘനങ്ങളാണ് പരിശോധിക്കുന്നത്. ലംഘിക്കുന്ന വാഹനത്തിനെതിരെ കർശന നടപടി ഉണ്ടാകുമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പെരുമൺ എൻജിനീയറിങ് കോളജ് വിഷയത്തിൽ മോട്ടർ വാഹന വകുപ്പ് നടപടിയിൽ അതൃപ്തി അറിയിച്ച ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് 'ഓപ്പറേഷൻ ഫോക്കസ് – 2' പരിശോധന നടത്തുന്നത്. കോഴിക്കോട് എംവിഐ എം.ആർ.സജീവ്, കൊടുവള്ളി എംവിഐ സി.കെ.അജിത്കുമാർ, നന്മണ്ട എംവിഐ ടി.രജ്ഞിത് മോൻ, ഫറോക്ക് എംവിഐ വി.എ.അബ്ദുൽ ജലീൽ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന.
Tags:
MVD