
മലപ്പുറം: സൗദി അറേബ്യയിലെ കുഞ്ഞിനെ രക്ഷിക്കാൻ രക്തദാനത്തിനായി കടൽകടന്ന് മലയാളികൾ. അപൂർവരക്തമായ ബോംബെ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനാണ് നാല് മലയാളികൾ സൗദിയിലേക്ക് തിരിച്ചത്. മലപ്പുറം സ്വദേശി ജലീന, തൃശൂർ സ്വദേശി മുഹമ്മദ് ഫാറൂഖ്, ഗുരുവായൂർ സ്വദേശി മുഹമ്മദ് റഫീഖ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് രക്തം നൽകാൻ സൗദിയിലേക്ക് പുറപ്പെട്ടത്. സൗദി പൗരന്റെ ചെറിയ കുട്ടിയുടെ ജീവൻ രക്ഷിക്കാനാണ് ഇവർ യാത്ര തിരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാത്രി 8.30ന് ഇവർ സൗദിയിലേക്ക് വിമാനം കയറി.
Read also: ആഗോള ബിസ്കറ്റ് വിപണിയിലേക്ക് കിനാലൂരിൽ നിന്ന് കേരളത്തിന്റെ സ്വന്തം ബ്രാൻഡുമായി ആസ്കോ ഗോബൽ
ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയുടെയും സൗദി കോ-ഓർഡിനേറ്റർ ഫസൽ ചാലാടിന്റെയും അവസരോചിത ഇടപെടലുകളാണ് അതിവേഗം സൗദിയിലേക്ക് പോകാനായത്. സംസ്ഥാന പ്രസിഡന്റ് വിനോദ് ഭാസ്‌കരൻ, ജനറൽ സെക്രട്ടറി സനൽ ലാൽ കയ്യൂർ എന്നിവരും ചുക്കാൻ പിടിച്ചു.
ആറ് മാസം മുമ്പാണ് രക്തം ആവശ്യപ്പെട്ട് സംഘടനയെ സമീപിച്ചത്. രണ്ടാഴ്ച മുമ്പാണ് ശസ്ത്രക്രിയയുടെ വിവരം അറിയിച്ചത്. ഇതോടെ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആദ്യമായി ബോംബയിൽ കണ്ടെത്തിയ അപൂർവ രക്ത ഗ്രൂപ്പ് ആണ് ബോംബെ ഗ്രൂപ്പ്. കേരളത്തിൽ വെറും 35-ൽ കുറവ് ആളുകൾക്ക് മാത്രമാണ് ഈ ഗ്രൂപ്പുള്ളത്.
Tags:
Donation