കോഴിക്കോട് ബൈപ്പാസിന് പുതിയ മുഖം; ഒരു ഫ്ലൈ ഓവറിനും, രണ്ട് അടിപ്പാതകൾക്കും, രണ്ട് നടപ്പാതകൾക്കും അനുമതി
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിപാതയിൽ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് രണ്ട് അടിപ്പാതകൾക്കും, രണ്ട് നടപ്പാതകൾക്കും, ഒരു ഫ്ലൈ ഓവറിനും നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി. എം.കെ.രാഘവൻ എം.പി, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും, ബന്ധപ്പെട്ടവരുമായി ചേർന്ന യോഗത്തെ തുടർന്നാണ് തീരുമാനം.
മാങ്കാവ്‌, മേത്തോട്ട് താഴം, മെഡിക്കൽ കോളേജ് റോഡ്, മാളിക്കടവ് എന്നിവിടങ്ങളിൽ പുതിയ അടിപ്പാതകൾക്കും, പാറമ്മൽ, സേവാമന്ദിരം സ്‌കൂൾ എന്നിവിടങ്ങളിൽ നടപ്പാതകൾക്കുമാണ് പുതുതായി അനുമതി ലഭിച്ചത്. ഹരിതനഗർ കോളനിക്ക് സമീപം സി.ഡബ്ല്യൂ.ആർ.ഡി.എം പനാത്ത് താഴം റോഡ് ജംഗ്ഷനിൽ സംസ്ഥാന സർക്കാർ സഹകരണത്തോട് കൂടി ഫ്ലൈ ഓവറിന് അനുമതി നൽകാമെന്നും എൻ.എച്ച്.എ.ഐ അധികൃതർ യോഗത്തിൽ ഉറപ്പുനൽകി. ഇതിന് പുറമേ തടമ്പാട്ട് താഴം പറമ്പിൽ ബസാർ റോഡിലെ അടിപ്പാത വീതികൂട്ടുന്നതിനുള്ള നിർദ്ദേശവും അധികൃതർ അംഗീകരിച്ചു.

ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മൊകവൂരിനും മാളിക്കടവിനും ഇടയിൽ പാസേജ്, കരിയാത്തൻ കാവ് റോഡിന് സമീപം പാസേജ് എന്നിവയ്ക്കായും എം.പി ആവശ്യമുന്നയിച്ചു. ഇവ പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


Trulli
ബൈപാസ് വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ എം.കെ.രാഘവൻ എം.പി, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും, ബന്ധപ്പെട്ടവരുമായി ചേർന്ന യോഗം

ആറുവരി പാതാ വികസനത്തിൽ കരാർ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന മെല്ലെപോക്ക് നയം എം.കെ രാഘവൻ എം.പി ഡൽഹിയിൽ വെച്ച് എൻ.എച്ച്.എ.ഐ ചെയർപേഴ്‌സൺ, മെമ്പർ പ്രൊജക്ട് എന്നിവരെ 29 ന് കണ്ട് ഉന്നയിച്ചിരുന്നു. തുടർന്ന് ചെയർപേഴ്‌സന്റെ നിർദ്ദേശ പ്രകാരം പദ്ധതി പുരോഗമനം വിലയിരുത്തുന്നതിനായി എം.പി യുടെ സാന്നിദ്ധ്യത്തിൽ എൻ.എച്ച്.എ.ഐ ഉന്നത ഉദ്യോഗസ്ഥർ കോഴിക്കോട് യോഗം വിളിച്ച് ചേർക്കുകയായിരുന്നു.

2022 ഫെബ്രുവരി മാസത്തോടെ പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികൾ പൂർത്തീകരിക്കേണ്ട കമ്പനി സമയം നീട്ടി വാങ്ങുകയായിരുന്നു. ആറുമാസം അധികം ലഭിച്ചിട്ടും ജൂൺ മാസം ആകെ പതിനൊന്ന് ശതമാനം പ്രവൃത്തി മാത്രമാണ് കമ്പനിക്ക് പൂർത്തീകരിക്കാനായത്. ഇക്കാര്യമാണ് എം.പി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.


പുതുക്കിയ സമയക്രമം അനുസരിച്ച് പദ്ധതിയുടെ ആദ്യ 20 ശതമാനം പ്രവൃത്തി ജൂലായ് 25 ഓട് കൂടിയാണ് പൂർത്തീകരിക്കേണ്ടത് . ഈ ലക്ഷ്യം കൈവരിക്കാനായി വേണ്ട ഇടപെടലുകൾ ഉണ്ടാവുമെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത, ഡയറക്ടർ ശശാങ്ക് ശേഖർ, പ്രൊജക്ട് മാനേജർ ദേവരാജ റെഡ്ഡി എന്നിവർ അറിയിച്ചു.

യോഗത്തിൽ എം.പിക്ക് പുറമേ എൻ.എച്ച്.എ.ഐ ഡി.ജി.എം നവീൻ മിശ്ര, കേരള റീജിയണൽ ഓഫീസർ ബി.എൽ മീണ, പ്രൊജക്ട് ഡയറക്ടർ നിർമ്മൽ സാഡെ, എൻജിനീയർമാരായ പ്രഭാകരൻ, ശശികുമാർ, കമ്പനിയെ പ്രതിനിധീകരിച്ച് ഡയറക്ടർ ശശാങ്ക് ശേഖർ, പ്രൊജക്ട് മാനേജർ ദേവരാജ റെഡ്ഡി, എൻജിനീയർ നാസർ എന്നിവരും പങ്കെടുത്തു.
Previous Post Next Post