കോഴിക്കോട്: നരിക്കുനിയിലെ മന്നത്ത് പെട്രോൾ പമ്പിൽ മോഷണം നടത്തിയ പ്രതിയെ ക്രൈം സ്‌ക്വാഡും കാക്കൂർ പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് ചാത്തമംഗലം പാറമ്മൽ വീട്ടിൽ അമർജിത്തിനെ(18)യാണ് കോഴിക്കോട് റൂറൽ എസ്.പി. ആർ.കറപ്പസാമിയുടെയും താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാത്രി 10.30ന് പമ്പ് അടച്ച് മാനേജർ കളക്‌ഷനുമായി വീട്ടിലേക്ക് പോയ ശേഷം പ്രതി വാതിൽ തകർത്ത് അകത്ത് കയറി മേശ കുത്തിപ്പൊളിച്ച് 24,000 രൂപ കവരുകയായിരുന്നു. പമ്പിൽ നിറുത്തിയിടുന്ന ഒരു ബസിലെ ക്ളീനർ മുമ്പ് ബൈക്ക് മോഷണത്തിൽപെട്ട ആളാണെന്നു മനസിലാക്കി ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാക്കൂർ ഇൻസ്‌പെക്ടർ സനൽരാജ്.എം, എസ്.ഐമാരായ അബ്ദുൾസലാം, രമേശ്ബാബു. ടി.കെ,ജയരാജൻ.കെ, സി.പി.ഒമാരായ മുഹമ്മദ് റിയാസ്.കെ.ടി,ബിജേഷ്.കെ.എം, രാംജിത്, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ രാജീവ്ബാബു, സുരേഷ്.വി.കെ,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.