
കോഴിക്കോട്: നവീകരിച്ച ഫറോക്ക് ഇരുമ്പുപാലം 27-ന് ഗതാഗതത്തിന് തുറക്കും. വൈകീട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. വലിയ വാഹനങ്ങൾ ഇടിച്ചുതകർന്ന ഇരുമ്പ് ചട്ടക്കൂടുകൾ പൂർണമായും പുതുക്കിപ്പണിതിട്ടുണ്ട്.
പാലത്തിൽ ചായംപൂശൽ ഉൾപ്പെടെയുള്ള ആദ്യഘട്ട നവീകരണം പൂർത്തിയായി. പാലത്തിന്‍റെ പ്രവേശന ഭാഗത്ത് കമാനം സ്ഥാപിക്കുന്ന പണികളാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പാലത്തിന്‍റെ കവാടത്തിൽതന്നെ പുതിയ ഇരുമ്പ് കമാനം സ്ഥാപിച്ചിട്ടുണ്ട്. കൂറ്റൻ ട്രക്കുകൾ, കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാനാണ് ഇരുകവാടത്തിലും കരുത്തുറ്റ സുരക്ഷ കമാനം സജ്ജമാക്കിയത്. നേരത്തേയുണ്ടായ 3.6 മീ. ഉയരം ക്രമീകരിച്ചാണ് പുതിയ കമാനം.
Read also: ഉള്ളിയേരി പൊയിൽതാഴെ വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു
നവീകരണ പ്രവൃത്തിക്കുവേണ്ടി പഴയ പാലം പൂർണമായും അടച്ചിട്ടത് ഫറോക്ക് മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. മേയ് 29-നാണ് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ തുടങ്ങിയത്. പൂർണമായും ഗതാഗതം നിരോധിച്ച് പ്രവൃത്തി നടത്തിയതോടെ നഗരത്തിലും ദേശീയപാതയിലും ഗതാഗതതടസ്സം അതിരൂക്ഷമായി. ഇതോടെ അധികൃതർ ഇടപെട്ട് സ്കൂൾ തുറക്കുന്നത് പരിഗണിച്ചു വീണ്ടും പാലം ഗതാഗതത്തിന് തുറന്നു. ശുചീകരണം ഉൾപ്പെടെയുള്ള മറ്റു പണികൾ പൂർത്തിയാക്കി പിന്നീട് ജൂൺ 27-മുതലാണ് പൂർണമായും പാലം അടച്ചുള്ള പ്രവൃത്തി പുനരാരംഭിച്ചത്.