കോഴിക്കോട് ബീച്ചിലെ സം​ഗീത പരിപാടിക്കിടെ സംഘർഷം; വിദ്യാർഥികൾ ഉൾപ്പടെ 44 പേർക്ക് പരുക്ക്; രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു



 
കോഴിക്കോട്:കോഴിക്കോട് ബീച്ച് കാർണ്ണിവൽ സംഘർഷത്തിൽ വിദ്യാർഥികൾ ഉൾപ്പടെ 44 പേർക്ക് പരുക്കേറ്റു. 6 പൊലീസുകാർക്കും പരുക്കുണ്ട്. ബീച്ചിലെ സംഗീതപരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞ് ആദ്യം അപകടമുണ്ടാവുകയായിരുന്നു. അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൂട്ടയടി നടക്കുകയും പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. 
മതിയായ സൗകര്യമൊരുക്കിയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംഘാടകർക്കെതിരെയും പൊലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെയും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയിൽ പൊലീസ് രണ്ട് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.


ഇന്നലെ വൈകിട്ടാണ് ബീച്ചിലെ സംഗീതപരിപാടിക്കിടെ സംഘർഷമുണ്ടായത്. പരിപാടിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം പേർക്ക് പ്രവേശനപാസ് നൽകുകയും പുറത്ത് നിന്ന ആളുകൾ പരിപാടിയിലേക്ക് ഇരച്ചുകയറുകയും ചെയ്തതാണ് സംഘർഷത്തിന് കാരണം. സംഘർഷമുണ്ടായതോടെ പൊലീസ് ലാത്തിവീശിയാണ് ആളുകളെ ഒഴിപ്പിച്ചത്. തുടർന്ന് സമീപത്തുള്ള എല്ലാ കടകളും അടപ്പിച്ചു.
Previous Post Next Post