ഇർഷാദ് കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങാൻ കോടതിയിൽ, മൂവരും കിഡ്നാപ്പിംഗ് സംഘത്തിൽപ്പെട്ടവർ



കോഴിക്കോട് : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങാനെത്തി. കൊല്ലപ്പെട്ട ഇർഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട ഇർഷാദ്, മിസ്ഹർ, ഷാനവാസ് എന്നിവരാണ് കൽപ്പറ്റ സിജെ എം കോടതിയിലെത്തി കീഴടങ്ങിയത്.
വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിന് സംഘം തട്ടിക്കൊണ്ടുപോയത്. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്. സ്വർണ്ണം വീണ്ടെടുക്കാൻ ഇർഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ മുഖ്യ പങ്കാളികളായി. ഇവരുടെ അറസ്റ്റാണ് ഇനി കേസ് അന്വേഷത്തിൽ നിർണ്ണായകമാകുക.

അതേ സമയം, ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്നലെ സംസ്ക്കരിച്ചിരുന്നു. വടകര ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇര്‍ഷാദിന്‍റെ മരണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇർഷാദിന്റേത് മുങ്ങി മരണമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ദ്ധനുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തും. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ല.


അതേ സമയം, ഇര്‍ഷാദിന്റെ സ്വ‍ര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ദുബൈയില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി ജസീലിന്‍റെ പിതാവ് ജലീൽ നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. മകൻ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ തടവിലാണെന്ന് മൂന്ന് മാസം മുൻപ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് ജലീൽ വിശദീകരിക്കുന്നത്.
Previous Post Next Post