പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; ഒരാൾകൂടി പിടിയിൽ



കോഴിക്കോട്: പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിലായി. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുണിനെയാണ് കഴിഞ്ഞ ദിവസം ഡൻസാഫും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ പരിശോധനയിൽ പിടികൂടിയത്. പതിനാറുകാരിയെ കർണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂർ പൊലീസ് മയക്കുമരുന്ന് മാഫിയയിൽ നിന്നും മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ടൗൺ അസി. കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിൽ മറ്റുപ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗൺ അസി. കമ്മീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തു.
അരുണും നാസറും ചേർന്ന് മുൻകൂട്ടി പദ്ധതി തയ്യാറാക്കിയശേഷം പെൺകുട്ടിയെ കർണാടകയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ലഹരിമരുന്ന് നൽകി അടിമയാക്കിയാണ് ഇവർ പെൺകുട്ടിയെ വശത്താക്കി കർണാടകയിലേക്ക് കടത്തിയത്. തലക്കുളത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാർ സമരം ചെയ്യുന്നതിനിടെയാണ് ഒരാൾ കൂടി പൊലീസ് പിടിയിലാകുന്നത്. ഓൺലൈൻ വഴി സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തിയ പ്രതി, രഹസ്യകേന്ദ്രങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. പ്രതിക്കെതിരെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസുണ്ട്.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ. സുജിത്ത്, ബിജുമോഹൻ, എസ് ദീപ്തീഷ്, ഡൻസാഫ് അസി. എസ്ഐ മനോജ് എടയേടത്ത്, സിപിഒമാരായ അർജുൻ അജിത്ത് കാരയിൽ സുനോജ് സൈബർ വിദഗ്ദൻ പികെ. വിമീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post