അന്താരാഷ്ട്ര ജലോത്സവം : ആവേശത്തിരയിൽ ബേപ്പൂർ

തീരരക്ഷാസേനയുടെ ‘അർണവേശ്’ എന്ന കപ്പൽ സന്ദർശിക്കുന്നവർ


ബേപ്പൂർ : ക്രിസ്‍മസ് അവധിദിനത്തിൽ അന്താരാഷ്ട്ര ജലോത്സവം കാണാൻ ബേപ്പൂരിലെത്തിയത് ആയിരങ്ങൾ. വലിയ സുരക്ഷാസന്നാഹമാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. ദേശീയപാതയിൽനിന്ന് ബേപ്പൂരിലേക്കുള്ള ബി.സി. റോഡ് ജങ്ഷൻതൊട്ട് ബേപ്പൂർ മറീനവരെ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. വാഹനങ്ങൾ പാർക്കുചെയ്യാൻ പൊതുസ്ഥലവും സ്വകാര്യസ്ഥലവും ഉൾപ്പെടെ ഒരുക്കിയതിനാൽ വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞു.
കയാക്കിങ്, സർഫിങ്, വർണപ്പട്ടങ്ങൾ

കയാക്കിങ്, സർഫിങ്, പട്ടംപറപ്പിക്കൽ മത്സരങ്ങളാണ് രണ്ടാംദിവസം പ്രധാനമായും നടന്നത്. രാജ്യത്തിന്റെ അകത്തുനിന്നുംപുറത്തുനിന്നുമുള്ള ഒട്ടേറെ വിദഗ്ധർ മറീനയുടെ ആകാശത്ത് വർണപ്പട്ടങ്ങൾ പറത്തി. ഇൻഫ്ളാറ്റബിൾ, സ്പോർട്സ് പവർ, ട്രെയിൻ ഷോക്കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്പൈഡർമാർ, നീരാളി ഡ്രാഗൺ ഫിഷ് ‘ഐ ലൗസ് ബേപ്പൂർ’ പട്ടങ്ങളും ആകാശം കീഴടക്കി.

സിങ്കപ്പൂർ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ 30 വർഷമായി പട്ടംപറത്തൽ മേഖലയിലുള്ള വിദഗ്ധരും കേരളത്തിനുപുറമേ ഗുജറാത്ത്, രാജസ്ഥാൻ, ഒഡിഷ, കർണാടക, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പട്ടംപറത്തലിനെത്തി. കയാക്കിങ്, സർഫിങ് മത്സരങ്ങൾ കാണാൻ കടുത്തവെയിൽ അവഗണിച്ചും ജനമെത്തി. പുലിമുട്ട് റോഡിലെ പാരിസൺ വളപ്പിലെ ഭക്ഷ്യമേളയിൽ നാടിന്റെ തനതായ രുചിയറിയാൻ വലിയ തിരക്കായിരുന്നു.


ചാലിയംബീച്ച് വികസനം: 10 കോടി നൽകും

ചാലിയംബീച്ചിന്റെ വികസനസാധ്യതകൾ പരിഗണിച്ച് സർക്കാർ 10 കോടിരൂപ അനുവദിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചാലിയം ബീച്ചിൽ നടന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം വികസനത്തിന്റെ ഭാഗമായി ചാലിയത്ത് ഓഷ്യാനസ് ചാലിയംപദ്ധതി നടപ്പാക്കും. വിളക്കുകൾ, റിഫ്രെഷ്‌മെന്റ് കൗണ്ടർ, കഫ്റ്റീരിയ, വിശ്രമസ്ഥലം, ശൗചാലയം തുടങ്ങിയവ നിർമിക്കും.

കേരളത്തിൽ ആദ്യമായി ഒരു ഒഴുകുന്ന റെസ്റ്റോറന്റ് കടലുണ്ടി പഞ്ചായത്തിൽ തുടങ്ങും. ഇതിനായി അഞ്ചുകോടി രൂപയും കടലുണ്ടി പക്ഷിസങ്കേത നവീകരണത്തിന് ഒന്നരക്കോടിരൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.

കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷയായി. വാർഡംഗം റബി അത്ത് ‘നിർദേശ്’ പ്രതിനിധി സുരേന്ദ്രൻ, ജില്ലാ വികസന കമ്മിഷണർ എം.എസ്. മാധവിക്കുട്ടി ടൂറിസം ജോയന്റ് ഡയറക്ടർ ടി.ജെ. അഭിലാഷ് എന്നിവർ സംസാരിച്ചു.
Previous Post Next Post