കുറഞ്ഞ ചെലവിൽ ഹജ്ജ് യാത്ര വാഗ്ദാനം ചെയ്തു തട്ടിപ്പ്; യുവാവ് അറസ്റ്റിൽ



കൊണ്ടോട്ടി: കുറഞ്ഞ ചെലവിൽ ഹജ്ജ് യാത്ര വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് പിടികൂടി. വണ്ടൂർ തിരുവാലി സ്വദേശി ചേന്നൻ കുളത്തിൽ അനീസ് (33) ആണു കൊണ്ടോട്ടി സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷത്തെ ഹജ്ജ് യാത്രയ്ക്കു മുൻപ് 2022 ജൂൺ രണ്ടിനായിരുന്നു സംഭവം. ഹജ്ജ്ജിനു കഴിഞ്ഞ വർഷം യാത്രച്ചെലവു കൂടുതലായിരുന്നു. 
അവസരം ലഭിക്കാനും പ്രയാസമായിരുന്നു. എന്നാൽ, കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കാം എന്നറിയിച്ചു പ്രതി മുന്നോട്ടു വരികയായിരുന്നു.കൊണ്ടോട്ടിയിലെ മറ്റൊരു സ്ത്രീക്കും സമാന രീതിയിൽ പണം നഷ്ടമായിട്ടുണ്ട്. അവർ പരാതി നൽകിയിട്ടില്ല. അന്വേഷണം നടക്കുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതി ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിയുമ്പോൾ ആണ് പിടിയിലാകുന്നതെന്നു പൊലീസ് അറിയിച്ചു. 

ഹജ്ജ് യാത്രയുടെ പേരിൽ മാത്രമല്ല, മറ്റു പലരിൽനിന്നും പലതിന്റെയും പേരിൽ ഇയാൾ പണം തട്ടിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും 11 തട്ടിപ്പു കേസുകൾ നിലവിലുണ്ടെന്നും കൂടുതൽ പേർക്ക് പരാതികളുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൊണ്ടോട്ടി എഎസ്പി വിജയ്ഭാരത് റെഡ്ഡി, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


പലർക്കും പണം പോയി;  പരാതി ഒന്നു മാത്രം

കൊണ്ടോട്ടി: ഹജ്ജ് തീർഥാടനത്തിന്റെ പേരിൽ നടത്തിയ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടു പരാതി നൽകിയത് ഒരാൾ മാത്രമാണെങ്കിലും കൂടുതൽ പേർക്ക് ലക്ഷങ്ങൾ നഷ്ടമായതായി സൂചന. കൊണ്ടോട്ടിയിൽതന്നെ മറ്റൊരു സ്ത്രീക്കുകൂടി നാലു ലക്ഷത്തിലേറെ രൂപ നഷ്ടമായതായാണു വിവരം. ഇവർ പരാതിപ്പെട്ടിട്ടില്ല. പിടിയിലായ വണ്ടൂർ തിരുവാലി സ്വദേശി അനീസ് ഇവരെയെല്ലാം കബളിപ്പിച്ചത് അതിവിദഗ്ധമായാണെന്നു പൊലീസ്.പണം നഷ്ടപ്പെട്ടതു സ്ത്രീകൾക്കാണെങ്കിലും അവരുമായി പരിചയമുള്ളവരും ട്രാവൽ ഏജൻസി മേഖലയിൽ പ്രവർത്തിക്കുന്നവരുമെല്ലാം പണം നൽകുന്നതിനു മുൻപ് അനീസുമായി ബന്ധപ്പെട്ടിരുന്നു. അനീസ് അവരെയെല്ലാം കബളിപ്പിച്ചു.


ക്ലാസ് ദിവസം ഫോൺ നിശ്ചലമായി

2022 ജൂൺ 13നു കോഴിക്കോട് വിമാനത്താവളത്തിൽനിന്നു തീർഥാടനത്തിനു പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനു മുന്നോടിയായി വളാഞ്ചേരിയിൽ ക്ലാസ് ഉണ്ടെന്നും അന്നു പാസ്പോർട്ട് ഉൾപ്പെടെയുള്ളവയുടെ ഒറിജിനൽ എത്തിക്കണമെന്നും പോകാനുള്ള ടിക്കറ്റ് ഉൾപ്പെടെ യാത്രാ രേഖകളും ബാഗും അന്നു നൽകാമെന്നും അനീസ് അറിയിച്ചിരുന്നു. എന്നാൽ, അന്നു ക്ലാസ് നടന്നില്ല. യാത്രാ രേഖകൾ ലഭിച്ചതുമില്ല. അനീസിന്റെ ഫോൺ അന്നു നിശ്ചലമായിരുന്നു.

നയിച്ചത് ആഡംബര ജീവിതം

അനീസ് നാട്ടിലെത്തുന്നത് എപ്പോഴെങ്കിലും മാത്രമെന്നും ബെംഗളൂരുവിൽ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പു നടത്തിയതെല്ലാം ഫോൺ വഴിയുള്ള സംസാരത്തിലൂടെയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 11 കേസുകളുണ്ടെന്ന് എഎസ്പി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. അതിഥിത്തൊഴിലാളികളുടെ പേരിലും ഇയാൾ സിം കാർഡുകൾ എടുത്തതായി കണ്ടെത്തി. മലപ്പുറം, നിലമ്പൂർ, പൊന്നാനി, തിരൂർ, കാടാമ്പുഴ, വണ്ടൂർ, കാസർകോട്, എറണാകുളം തുടങ്ങി വിവിധയിടങ്ങളിൽ കേസുകളുണ്ടെന്നാണു വിവരം ലഭിച്ചതെന്നും അതേക്കുറിച്ച് അന്വേഷിക്കുന്നതായും    പൊലീസ് പറഞ്ഞു.

Fraud by offering Hajj travel at low cost
Previous Post Next Post