മാവൂര്‍ ഗ്വാളിയോർ റയോൺസ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം കോടതിയെ സമീപിക്കാനൊരുങ്ങി കെപിഎ



കോഴിക്കോട്: ഗ്വാളിയോർ റയോൺസിന്‍റെ കൈവശമുള്ള മാവൂരിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാക്കി കേരള പ്രവാസി അസോസിയേഷന്‍. ഭൂമി ഏറ്റെടുക്കൽ വൈകുന്നതിൽ ഒത്തുകളി ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെപിഎ. മാവൂർ ഗ്രാസിം കമ്പനി അടച്ച് പൂട്ടി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ഭൂമി തിരിച്ച് പിടിക്കാൻ സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കേരള പ്രവാസി അസോസിയേഷന്‍ ആരോപിച്ചു.
കെപിഎ പറയുന്നത്: ബിര്‍ളയുടെ കൈവശമുള്ള ഈ ഭൂമിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കണം. പരിചയ സമ്പന്നരായവര്‍ക്ക് വ്യവസായം തുടങ്ങാന്‍ സൗകര്യം ഒരുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെപിഎ കോടതിയെ സമീപിക്കുന്നത്. കമ്പനി അടച്ച് പൂട്ടിയതോടെ 246 ഏക്കർ ഭൂമിയിപ്പോള്‍ വന്യജീവികളുടെ സങ്കേതമാണ്. തൊട്ടടുത്തുള്ള കൃഷി ഭൂമിയിലേക്കും നഗരത്തിലേക്കും കാട്ടുപന്നികൾ അടക്കമുള്ളവ എത്തുന്നത് ഇവിടെ നിന്നാണെന്നും കെപിഎ ഭാരവാഹികള്‍ പറഞ്ഞു.


ചരിത്രം ഇങ്ങനെ: 1969ൽ ഇഎംഎസ് സർക്കാറാണ് വുഡ് പൾപ്പ് ഫാക്‌ടറി തുടങ്ങാൻ ഗ്രാസിം കമ്പനിക്ക് 246 ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറിയത്. കമ്പനി പ്രവർത്തനം നിർത്തിയാൽ ഭൂമി സർക്കാറിന് തിരിച്ച് നൽകണം എന്നായിരുന്നു ഉടമ്പടി. എന്നാൽ 2001ൽ ഫാക്‌ടറിക്ക് താഴ് വീണെങ്കിലും ഭൂമി ഇപ്പോഴും കമ്പനിയുടെ കൈവശം തന്നെയാണ്. മാവൂരിലെ ഫാക്‌ടറി പൊളിച്ച് നീക്കി സ്ഥലം വിട്ടു നൽകണമെന്ന് സർക്കാർ 2006ല്‍ ഉത്തരവിട്ടിരുന്നു.

പിന്നീട് കമ്പനിയുടെ ആവശ്യങ്ങൾ പരിഗണിച്ച് ഉത്തരവ് പിൻവലിച്ചതിലാണ് ഒത്തുകളി ആരോപണം ശക്തമായത്. സർക്കാറിന്‍റെ അലംഭാവം കാരണം മാവൂരിലെ കണ്ണായ ഭൂമി റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കയ്യിൽ എത്തിയേക്കും എന്നാണ് നാട്ടുകാരുടേയും ആശങ്ക.

Mavoor Gwalior Rayons
Previous Post Next Post