കോഴിക്കോട്: തെങ്ങ് ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആള്‍ക്ക് വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് ദാരുണാന്ത്യം. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്ത് ഉണങ്ങിനിന്നിരുന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ സമീപത്തുനിന്ന രാജന്റെ ദേഹത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടനെ കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മൊബൈല്‍ ഐ.സി.യു.വില്‍ രാജനുമായി കോഴിക്കോട്ടേക്ക് ആംബുലന്‍സ് പുറപ്പെട്ടു. എന്നാല്‍, ആംബുലന്‍സ് ചുരത്തിലെ ഗതാഗതക്കുരുക്കില്‍ അകപ്പെടുകയായിരുന്നു.
ഏറെനേരം ശ്രമിച്ചെങ്കിലും ഗതാഗതക്കുരുക്ക് മറികടന്ന് ആംബുലന്‍സിന് പോകാനായില്ലെന്നും ഗതാഗതനിയന്ത്രണത്തിനായി പോലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും രാജന്റെ ബന്ധുക്കള്‍ പറഞ്ഞു. തിരികെ വൈത്തിരിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രാജന്‍ മരിച്ചിരുന്നു. ബി.ജെ.പി. പ്രാദേശിക നേതാവായിരുന്ന രാജന്‍ പുല്പള്ളി താഴെയങ്ങാടിയില്‍ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ: വസന്ത. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.