കോഴിക്കോട്: കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ചാൾസ് ഒഫ്യൂഡിലിനെ ബംഗലൂരുവിൽ നിന്നാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. നവംബറിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ അന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ പിടികൂടുന്നത്.
കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന നൈജീരിയൻ സംഘത്തിലെ പ്രധാനിയായ ചാൾസ്, മാസങ്ങളായി ബംഗളൂരുവിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പിടികൂടുമ്പോൾ ഇയാളുടെ കൈവശം 55 ഗ്രാം എംഎഡിഎംഎ ഉണ്ടായിരുന്നു. നേരത്തെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ചാൾസ്. ബംഗളൂരുവിൽ വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ, ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെന്നും തോക്കു ചൂണ്ടി കീഴ്പ്പെടുത്തിയെന്നും പൊലീസ്.
ഇയാളുടെ ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ച് ഖാലിദ് അബാദി എന്നയാളിൽ നിന്ന് 58 ജി എം എം ഡി എം എ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് പിന്നീട് കേരളത്തിലേക്ക് വിദേശത്തുനിന്ന് മയക്കുമരുന്നെത്തിക്കുന്ന മൂന്നുപേരെയും തന്ത്രപരമായി പൊലീസ് കുടുക്കി. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ വിദേശ പൗരനായ ഘാന സ്വദേശിയായ വിക്ടർ ഡി സാംബെയെയും കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. ഉറവിടം കണ്ടെത്താനുളള അന്വേഷണത്തിലാണ് ചാൾസിലേക്കെത്തിയത്.
കർണാടകത്തിൽ മയക്കുമരുന്ന് കേസിൽ ഈയിടെയാണ് ചാൾസ് ജാമ്യത്തിലിറങ്ങിയത്. ഇതോടെ രണ്ട് വിദേശ പൗരന്മാരുൾപ്പെടെ ആറുപേരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. 262 ഗ്രാം എം ഡി എം എ യും 2 വാഹനങ്ങളും കണ്ടെടുത്തു. ഈ ശൃംഘലയിൽ തമിഴ്നാട്, കർണാടക ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന കണ്ണികളുണ്ടെന്നാണ് പൊലീസ് നിഗമനം.
International drug mafia