ദേശീയപാതാവികസനം 2024-ൽത്തന്നെ പൂർത്തീകരിക്കും -മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത ആറുവരിപ്പാതാനിർമാണപ്രവൃത്തി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിലയിരുത്തുന്നു


പന്തീരാങ്കാവ് : ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട പ്രവൃത്തി കൃത്യമായി പുരോഗമിച്ചുവരികയാണെന്നും നിശ്ചിതസമയത്തുതന്നെ പൂർത്തീകരിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത ബൈപ്പാസ് ആറുവരിപ്പാത നിർമാണപ്രവൃത്തി പന്തീരാങ്കാവിൽ വിലയിരുത്തിയതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
2023 മാർച്ചിൽ 35 ശതമാനം പ്രവൃത്തിയാണ് പൂർത്തീകരിക്കേണ്ടത്. ഇപ്പോൾത്തന്നെ 30 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള 28.4 കിലോമീറ്റർ ആറുവരിപ്പാത 186.77 കോടി രൂപയുടെ പദ്ധതിയാണ്. 2018-ൽ ആരംഭിക്കേണ്ട ഈ പ്രവൃത്തി കേരളസർക്കാർ തുടർച്ചയായി ഇടപെട്ടതിന്‍റെ ഭാഗമായാണ് 2021-ൽ തുടങ്ങാനായത്. 2024 ജനുവരിയിലാണ് പ്രവൃത്തി പൂർത്തിയാകേണ്ടത്. ദേശീയപാതാഅതോറിറ്റി, കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ, പൊതുമരാമത്തുവകുപ്പ്, കരാർകമ്പനി തുടങ്ങി എല്ലാവരുംചേർന്ന് കാര്യങ്ങൾ പരിശോധിച്ച് വിവിധ ജില്ലകളിൽ ഒരു ടീമായി പോകുകയാണ്. വൈദ്യുതക്കാലുകൾ മാറ്റൽ, വാട്ടർഅതോറിറ്റി പൈപ്പുമാറ്റൽ, നിർമാണത്തിനാവശ്യമായ മണ്ണുലഭ്യത ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ മുഖ്യമന്ത്രിതന്നെ മുൻകൈയെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കളക്ടറോട് അടിയന്തരയോഗം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽമാത്രം 1559 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത് ഇതിൽ 25 ശതമാനം സംസ്ഥാനസർക്കാരും ബാക്കി കേന്ദ്രസർക്കാരുമാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രോജക്ട് മാനേജർ ദേവരാജുലു റെഡ്ഡി, ചീഫ് എൻജിനിയർ പ്രഭാകരൻ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

National highway development will be completed in 2024 itself - Minister Muhammad Riyas
Previous Post Next Post