ബെംഗളൂരു: പ്രൈം വോളി ലീഗിൽ കാലിക്കറ്റ് ഹീറോസ് ആദ്യ മത്സരത്തിന് ഇന്നിറങ്ങും. ഒരു മാസം നീണ്ട പരിശീലനത്തിന് ശേഷമാണ് ടീം ബെംഗളൂരുവിൽ എത്തിയത്. മുംബൈ മിറ്റിയോഴ്സാണ് എതിരാളികൾ.
വിജയത്തിൽ കുറഞ്ഞൊന്നും കാലിക്കറ്റ് ഹീറോസ് പ്രതീക്ഷിക്കുന്നില്ല. പ്രൈം വോളിയുടെ രണ്ടാം പതിപ്പിന് മുന്നോടിയായി ചിട്ടയായ പരിശീലനമാണ് ടീം നടത്തിയത്. കോച്ച് കിഷോർ കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആയിരുന്നു ക്യാമ്പ്. അമേരിക്കൻ താരം മാറ്റ് ഹില്ലിങ്ങിന്റെ നായകത്വത്തിൽ എത്തുന്ന ഹീറോസിന് ബ്ലോക്കർ പൊസിഷനിൽ ക്യൂബൻ താരം ജോസ് സാൻടോവലും ഷെഫീഖ് റഹ്മാനും എത്തും. മോഹൻ ഉക്ര പാണ്ടിയനും ആഷം അലിയും സുശീൽ കുമാറുമാണ് സെറ്റർമാർ. ലിബറോയായി തമിഴ്നാട്ടുകാരൻ പ്രഭാകരനെത്തും. യൂണിവേഴ്സൽ താരം ജെറോം വിനീതാണ് എതിരാളികൾ കരുതിയിരിക്കുന്ന മറ്റൊരു പേര്. അഭിൽ കൃഷ്ണയും ആസിഫും അൻസാബും അതിവേഗം പോയിന്റുകൾ നേടാനുള്ള ഹീറോസിന്റെ ആയുധങ്ങളാണ്. ഹർഷമാലിക്കും അർഷക് സിനാനും കാലിക്കറ്റ് നിരയിലെ യുവ പോരാളികളും.
അനുഭവ സമ്പത്തും യുവത്വവും സമന്വയിക്കുന്ന കാലിക്കറ്റ് ഹീറോസ് ബെംഗളൂരുവിലെത്തിയും കഠിന പരിശീലനത്തിൽ ആയിരുന്നു. സണ്ണി ജോസഫ് പരിശീലിപ്പിക്കുന്ന മുംബൈക്ക്, ബ്രണ്ടൻ ഗ്രീൻവെയും ഹിരോഷി സെന്റലെസ്സുമാണ് പ്രതീക്ഷകൾ. മിഡിൽ ബ്ലോക്കർ കാർത്തിക് ആണ് മുംബൈയുടെ നായകൻ.
Prime Volley League: Calicut Heroes will play their first match today