ഗുളികയുടെ വലുപ്പം; ഓസ്‌ട്രേലിയയില്‍ കാണാതായ റേഡിയോ ആക്ടീവ് ക്യാപ്‌സൂളിനായി വ്യാപക തെരച്ചില്‍



ഓസ്‌ട്രേലിയയില്‍ കാണാതായ ആണവ വികിരണ ശേഷിയുള്ള സീഷ്യം അടങ്ങിയ ഉപകരണത്തിനായി വ്യാപക തിരച്ചില്‍ തുടരുന്നു. വൃത്താകൃതിയിലുള്ള വെള്ള നിറത്തിലെ ക്യാപ്‌സൂള്‍ രൂപത്തിലുള്ള ഉപകരണം അത്യന്തം അപകടകാരിയാണ്. കാണാതായ ഈ പദാര്‍ത്ഥം എക്‌സ്‌പോഷര്‍ ചെയ്യപ്പെട്ടാല്‍ മാരക രോഗമടക്കം ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ചീഫ് ഹെല്‍ത് ഓഫീസറും റേഡിയോളജിക്കല്‍ കൗണ്‍സിലറുമായ ഡോ. ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍ ചെയര്‍ പറഞ്ഞു. ക്യാപ്‌സൂളിനുള്ളിലെ റേഡിയോ ആക്ടീവ് സീഷ്യം 137 ആണ് അപകടകാരിയാകുന്നത്. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് വകുപ്പ് പറയുന്നതനുസരിച്ച്, സംഭരണത്തിനായി ജനുവരി 10 ന് കാപ്‌സ്യൂള്‍ റോഡ് മാര്‍ഗം ട്രക്കില്‍ കൊണ്ടുപോകുകയായിരുന്നു. ജനുവരി 16 ന് അത് പെര്‍ത്തിലെത്തി. എന്നാല്‍ ജനുവരി 25ന് പരിശോധനയ്ക്കായി പാക് അഴിച്ചപ്പോഴാണ് ക്യാപ്സ്യൂള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

നിലവില്‍ അറുനൂറോളം കിലോമീറ്ററുകള്‍ ഉപകരണത്തിനായി തെരച്ചില്‍ നടത്തിക്കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, പൊലീസ് ഏജന്‍സികള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഓസ്‌ട്രേലിയയുടെ ന്യൂക്ലിയര്‍ റെഗുലേറ്ററി ഏജന്‍സിയും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. പോര്‍ട്ടബിള്‍ റേഡിയേഷന്‍ ഡിറ്റക്ഷന്‍ ഉപകരണങ്ങളുമായാണ് തെരച്ചില്‍ നടക്കുന്നത്. റേഡിയേഷന്‍ സേവന വിദഗ്ധര്‍, ഇമേജിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഉപകരണം കണ്ടെത്തിയാല്‍ അഞ്ച് മീറ്റര്‍ അകലം പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉപകരണം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ട്രക്കില്‍ നിന്ന് വീണുപോയതാകാം എന്നാണ് നിഗമനമെന്നും ഓസ്‌ട്രേലിയന്‍ പൊലീസ് പറയുന്നു. ക്യാപ്‌സൂള്‍ കയ്യിലെടുക്കുകയോ അടുത്ത് സൂക്ഷിക്കുകയോ ചെയ്താല്‍ ഇതില്‍ നിന്നുണ്ടാകുന്ന വികിരണ ശേഷിയാണ് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

massive search for missing radio active capsule in Australia
Previous Post Next Post