ഭാര്യയുമായി സൗഹൃദം, കോഴിക്കോട്ടെ പ്രവാസി ക്വട്ടേഷൻ നൽകി; വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽകോഴിക്കോട്: ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം ക്വട്ടേഷനാണെന്ന് തെളിഞ്ഞതിന് പിന്നാലെ സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 15 ാം തിയ്യതി മാത്തോട്ടം സ്വദേശിയും ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയുമായ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്. പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ ടി വി (31) , ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്. ജില്ല പോലീസ് മേധാവി ഡി ഐ ജി രാജ്പാൽ മീണ ഐ പി എസിന്‍റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജു ഐ പി എസിന്‍റെ കിഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് പൊലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Read alsoജന മനസ്സിലേറി "നരിക്കുനി ഫെസ്റ്റ്"

വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷനു കാരണമായത്. സുഹൃത്തുക്കളോട് കാര്യം പറയുകയും അവർ ക്വട്ടേഷൻ ഏറ്റെടുക്കുകയുമായിരുന്നു. തുടർന്ന് ആഴ്ചകളോളം സംഘം യുവാവിനെ നിരീക്ഷിച്ച് രീതികൾ മനസ്സിലാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്. ജനുവരി 15 ാം തിയ്യതി പ്രതികൾ യുവാവിനെ പിന്തുടരുകയും വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ടു പോയാണ് ക്രൂരമായി മർദ്ദിച്ചത്. യുവാവിന്‍റെ കരച്ചിൽ കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോളാണ് പ്രതികൾ ഓടി പോയത്. ആക്രമണത്തെ തുടർന്ന് യുവാവിന്‍റെ പരാതിയിൽ ഫറോക്ക് അസി. കമ്മീഷൻ എ എം സിദ്ധിഖിന്‍റെ നിർദ്ദേശപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ പ്രതികൾ ഒളിവിൽ പോയി.

മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്താണ് ഇവർ ഒളിവിൽ പോയത്. രഹസ്യമായി അന്വേഷണം ആരംഭിച്ച സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇവരുമായി ബന്ധപ്പെട്ട നിരവധി ആളുകളെ നിരീക്ഷിക്കുകയും, ചോദ്യം ചെയ്തെങ്കിലും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ, നാട്ടിലുള്ളവരെ ബന്ധപ്പെടുകയോ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയർത്തി. എന്നാൽ ഇവർ ഒളിവിൽ കഴിയുന്നത് ഉത്തരേന്ത്യയിലാണെന്ന് മനസ്സിലക്കിയ അന്വേഷണ സംഘം, ഉത്തരേന്ത്യൻ ബന്ധങ്ങളുപയോഗിച്ച് ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീർ എന്നി സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിട്ടു. അതിനിടെ പ്രതികൾ കർണ്ണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഉടനെ ഉടുപ്പിയിലേക്ക് പോവുകയും ട്രെയിനിൽ വന്നുകൊണ്ടിരുന്ന പ്രതികളെ സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത് കോഴിക്കോട് എത്തിക്കുകയുമായിരുന്നു.


പിന്നീട് മാറാട് പൊലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടന്നിയ വിശദമായ ചോദ്യം ചെയ്തതിൽ നിന്നും ക്വട്ടേഷൻ നൽകിയവരെ കുറിച്ചും ഇതിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. പിടിയിലായ ഷംസുദ്ദീൻ കസബ ഗോൾഡ് കവർച്ച കേസിലെ പ്രതിയാണ്. സ്പെഷ്യൽ ആക്ഷൻ ഫോഴ്സിലെ സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ് സീനിയർ സി പി ഒ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സി പി ഒ മാരായ സുമേഷ് ആറോളി, അർജ്ജുൻ എ കെ, മാറാട് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശശികുമാർ കെ വി, എ എസ് ഐ സജിത്ത് കുമാർ വി വി, സീനീയർ സി പി ഒ മാമുക്കോയ എന്നിവരാണ് കേസന്വേഷണം നടത്തിയിരുന്നത്.

pravasi malayalis calicut quotation team 
Previous Post Next Post