ഭക്ഷ്യസുരക്ഷാ ഓഫിസുകളിലും ലാബുകളിലും വിജിലൻസിന്റെ മിന്നൽ റെയ്ഡ്; സാംപിൾ പരിശോധനയിൽ അപാകത കണ്ടെത്തി



കോഴിക്കോട്: വടക്കൻ കേരളത്തിലെ 5 ജില്ലകളിൽ ഭക്ഷ്യസുരക്ഷാ ലാബുകളിലും ഓഫിസുകളിലും വിജിലൻസ് പരിശോധന. സാംപിൾ പരിശോധനകളിൽ അപാകത കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന് വിജിലൻസ് പരിശോധന തുടരും. ഉത്തര മേഖല വിജിലൻസ് എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 24 ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ മുതൽ മിന്നൽ പരിശോധന നടത്തിയത്.
ജില്ലകളിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ സാംപിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധിക്കുമ്പോൾ നെഗറ്റീവ് ഫലം വന്നാൽ കൂടുതൽ പരിശോധനയ്ക്ക് വീണ്ടും മൈസൂരുവിലെ കേന്ദ്ര ലാബിൽ അയയ്ക്കാറുണ്ട്. എന്നാൽ അവിടെ നിന്നു കിട്ടുന്ന ഫലം മിക്കപ്പോഴും മറിച്ചായിരിക്കും. ഇതിൽ വ്യാപക ആക്ഷേപം ഉണ്ടായ സാഹചര്യത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. ചില രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തി. സാംപിൾ മാറ്റി അയയ്ക്കുന്നതാണോ ലാബ് ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതാണോ എന്ന് പരിശോധിക്കുന്നുണ്ട് . കൂടുതൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ഥാപനങ്ങളിൽ നിന്നു സാംപിൾ സ്വീകരിച്ചാൽ ലാബിൽ പരിശോധിച്ച് 14 ദിവസത്തിനകം ഫലം ലഭ്യമാക്കി നടപടിയെടുക്കണമെന്നാണ് നിയമം. എന്നാൽ പല സാംപിളുകളും മാസങ്ങൾ പിന്നിട്ടാണ് പരിശോധനയ്ക്ക് നൽകുന്നതെന്നാണ് പറയുന്നത്. 14 ദിവസം പിന്നിട്ടാൽ സ്ഥാപനത്തിനെതിരെ നിയമ നടപടികൾ നിലനിൽക്കില്ല. പരിശോധനാ ഫലം സ്ഥാപനത്തിന് അനുകൂലമാകുകയും ചെയ്യും. മനഃപൂർവം വൈകിപ്പിക്കുന്നതായും വിജിലൻസ് പരിശോധനയിൽ സൂചന ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം വീണ്ടും രേഖകൾ പരിശോധിക്കും.

raid of vigilance in food safety offices and labs
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post