കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയവയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും തിരുവനന്തപുരം അടക്കം ആറ് നഗരങ്ങളുടെ പേരുകളും. കുറിപ്പുകള്‍ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.
പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആക്രമണം സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയവും അന്വേഷണം നടത്തുമെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണം വിലയിരുത്തുന്നതിന്റെ ഭാഗമായി ഡിജിപി അനില്‍കാന്ത് 11.30നുള്ള വിമാനത്തില്‍ കണ്ണൂരിലേക്ക് പുറപ്പെടും. അക്രമിയെ സംബന്ധിച്ച് നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവശേഷം ഇയാള്‍ ട്രെയിന്‍ നിര്‍ത്തി റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളെ കാത്ത് ബൈക്ക് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ചുവന്ന ഷര്‍ട്ടും, തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.
ഇന്നലെ രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവില്‍ നടുക്കുന്ന സംഭവങ്ങളുണ്ടായത്. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിനിലെ ഡി 2 കോച്ചില്‍ നിന്ന് ഡി വണ്‍ കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമിയെത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളിച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡിവണ്‍ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍, ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഓടി. നിര്‍ത്തിയ ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിര്‍ത്തിയാണ് ആംബുലന്‍സുകളിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും പുറത്തുവന്നു. ട്രെയിനില്‍ യാത്ര ചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തീ കൊളുത്തിയപ്പോള്‍ ഭയന്ന് ഇവര്‍ ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നെന്നാണ് പ്രാഥമികനിഗമനം.
Elathur train fire updates bag
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.