വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?എലത്തൂർ: നീണ്ട തെരച്ചിലിനും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരുഖ് സെയ്ഫി പിടിയിലാകുന്നത്. ആരാണ് ഷാരുഖ് സെയ്ഫി ? എലത്തൂരിൽ നിന്ന് കടന്നുകളഞ്ഞ ഷാരുഖ് എങ്ങനെ പൊലീസ് വലയിലായി ? 

ആദ്യം പുറത്ത് വന്നത് തെറ്റായ സിസിടിവി, പിന്നെ ട്വിസ്റ്റ്

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിന് പിന്നാലെയാരുന്നു ആദ്യം പൊലീസിന്റെ യാത്ര. എന്നാൽ അന്വേഷണത്തിനൊടുവിൽ ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കപ്പാട് സ്വദേശ് ഫആയിസ് മൻസൂറാണ്. യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാൻ കാരണം.
പ്രതിയുടെ പേര് ആദ്യമായി പുറത്തിറഞ്ഞത് ബാഗിലെ നോട്ട് ബുക്കിലൂടെ

എലത്തൂർ റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തു. ബാഗിൽ ടീ ഷർട്ട്, മൊബൈൽ ഫോൺ, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഡയറി, ടീ ഷർട്ട്, പെട്രോൾ അടങ്ങിയ കുപ്പി എന്നിവ കണ്ടെടുത്തു.

ഒരു പുസ്തകവും കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്.

റാസിഖിന്റെ സഹായത്തോടെ രേഖാചിത്രം

പ്രതിയെ ഇനിയും കണ്ടാലറിയാമെന്ന യാത്രക്കാരൻ റാസിഖിന്റെ മൊഴിയാണ് പ്രതിയുടെ രേഖാചിത്രം തയാറാക്കാൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് തയാറാക്കിയ രേഖാചിത്രമുപയോഗിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. പ്രതി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് മറ്റ് യാത്രക്കാരുടെ മൊഴികളിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു. പിന്നെ അന്വേഷണം പ്രതി കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകൾ മുൻനിർത്തിയായിരുന്നു.

ട്രെയിനിൽ അക്രമം നടത്തിയ പ്രതി എങ്ങോട്ട് പോയി ?

ട്രെയിനിൽ അക്രമം നടത്തിയ പ്രതി എങ്ങോട്ട് പോയി എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയായിരുന്നു പൊലീസിന്റെ അന്വേഷണം. ഏപ്രിൽ 2ന് രാത്രി 9.35നാണ് ട്രെയിനിൽ ആക്രമണം നടക്കുന്നത്. അതിന് ശേഷം അതേ ട്രെയിനിൽ തന്നെ പ്രതി കണ്ണൂരിലെത്തി. കണ്ണൂരിൽ നിന്ന് അന്ന് രാത്രി തന്നെ മംഗലാപുരത്തേക്ക് കടന്ന് അവിടെ നിന്ന് ഡൽഹിയിലേക്ക് പോകാനായിരുന്നു പ്രതിയുടെ പദ്ധതി. കേരളത്തിൽ അധിക ദിവസം തങ്ങിയിട്ടില്ലാത്ത പ്രതി കൃത്യം നടത്തി അതേവേഗതയിൽ തന്നെ ഉത്തരേന്ത്യയിലേക്ക് മടങ്ങുമെന്ന പൊലീസ് കണക്കുകൂട്ടൽ പ്രതിയിലേക്കുള്ള ദൂരം കുറച്ചു.


പൊലീസിന് ലഭിച്ച സൂചനകൾ വിരൽ ചൂണ്ടിയത് ഷാരുഖ് സെയ്ഫി എന്ന നോയ്ഡ സ്വദേശിയിലേക്കായിരുന്നു. തുടർന്ന് ദീർഘദൂരം ട്രെയിൻ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലേയും റെയിൽവേ പൊലീസിന് അന്വേഷണ സംഘം പ്രതിയെ കുറിച്ചുള്ള വിവരം നൽകി. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് ഷാരുഖ് സെയ്ഫി. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെല്ലാം ഷാരുഖ് സജീവമാണ്. ഇവിടെ നിന്ന് ശേഖരിച്ച ഫോട്ടോയും മൊബൈൽ നമ്പറും സ്ഥിരീകരിച്ച്, വിവിധ സംസ്ഥാന ഏജൻസികൾക്ക് കൈമാറി.

സംഭവം നടന്ന് മൂന്നാം നാൾ പ്രതി പിടിയിൽ

ഷാരുഖ് സെയ്ഫിയെ പിടികൂടിയത് പൊലീസിനെ സംബന്ധിച്ച് വളരെ അഭിമാനകരമായ നേട്ടമാണ്. ആക്രമണമുണ്ടായി മൂന്നാം നാൾ പ്രതി പിടിയിലായിരിക്കുകയാണ്. ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരി മേഖലയിൽ നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഷാരുഖ് സെയ്ഫി. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കേരള പോലീസിൻറെ പിടിയിൽ അകപ്പെട്ടത്.

ഷാറൂഖിന് കെണിയൊരുക്കിയത് സ്വന്തം ഫോൺ

പ്രതി ഷാറുഖ് സെയ്ഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയായിരുന്നു. ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ വിവരം നൽകിയിരുന്നു. തുടർന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതിൽ ഒരു ഫോൺ സ്വിച്ച് ഓൺ ആയത് നിർണ്ണായകമായി. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. തുടർന്ന് പൊലീസ് സംഘം രത്‌നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാൾ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.


ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഖേദിൽ വച്ച് ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയാണ് ഷാരുഖിന് പരുക്കേറ്റത്. ചിലർ ഇയാളെ കണ്ടെത്തുകയും 102ൽ വിളിച്ച് ആംബുലൻസ് എത്തിക്കുകയും ചെയ്തു. തുടർന്ന് രത്നഗിരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആരാണ് ഷാരുഖ് സെയ്ഫി ? 

ഡൽഹി എൻസിആർ നിവാസിയാണ് ഷാരുഖ് സെയ്ഫി. ഷാരുഖ് സൈഫ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പോയ ബാഗിൽ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്. ഷാരുഖ് സെയ്ഫിക്ക് കാർപെന്റിംഗുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ഷാരുഖ് സെയ്ഫി.

Who is Shahrukh Saifi
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post