കോഴിക്കോട്: കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷിച്ച് വിജയിച്ച ഷീസൈക്ലിങ് പദ്ധതി കോഴിക്കോട്ടും വരുന്നു. സ്ത്രീകൾ തന്നെ വനിതകൾക്ക് സൗജന്യമായി സൈക്കിൾ പഠിപ്പിക്കുന്നതാണ് പദ്ധതി. ഇന്ത്യ മുഴുവൻ പദ്ധതി നിലവിലുണ്ട്. ജില്ല പഞ്ചായത്തുമായി പ്രാഥമിക ചർച്ച നടന്നു.
കുടുംബശ്രീയുടെ സഹായത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ ഏതെങ്കിലുമൊരു സ്കൂളിലാവും പദ്ധതി ആദ്യം തുടങ്ങുക. തുടർന്ന് ജില്ല മുഴുവൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം.
നെതർലൻഡ്സ്ആസ്ഥാനമായി ആഗോളതലത്തിൽ സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ബി.വൈ.സി.എസ് മറ്റു നഗരങ്ങളെപ്പോലെ കോഴിക്കോട്ടും സൈക്കിൾ മേയറെ നിശ്ചയിച്ചിട്ടുണ്ട്. വനിതകൾക്കിടയിൽ സൈക്കിൾ സാക്ഷരത ലക്ഷ്യമിട്ടാണ് ഷീസൈക്ലിങ് പദ്ധതി നടപ്പാക്കുന്നതെന്ന് കോഴിക്കോട് സൈക്കിൾ മേയർ സാഹിർ അബ്ദുൽ ജബ്ബാർ അറിയിച്ചു.
കൊച്ചിയിൽ ആയിരത്തോളം വനിതകൾ പുതുതായി സൈക്കിൾ പഠിച്ചുകഴിഞ്ഞു. വനിതകൾക്ക് ശാസ്ത്രീയമായി സൈക്കിൾ പഠനം ഇപ്പോഴും ബാലികേറാമലയായി തുടരുന്നു. സൈക്കിൾ പഠനം സ്ത്രീകളിൽ കൂടുതൽ സുരക്ഷിത ബോധമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇതോടൊപ്പം മികച്ച ആരോഗ്യ സംരക്ഷണോപാധികൂടിയാണ്. സ്ഥിരമായ സൈക്കിൾ സവാരി ഹൃദയത്തിനും പേശികൾക്കും എല്ലിനും കരുത്തും മാനസിക പരിമുറുക്കങ്ങൾക്ക് അയവും വരുത്തും. നഗരങ്ങൾ കേന്ദ്രീകരിച്ച് സൈക്കിൾ ഉപയോഗിക്കുന്നവരെ കൂടുതൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. സൈക്കിൾ യാത്രക്കാർ ഏറുന്നത് പരിസ്ഥിതിക്കും ജനാരോഗ്യത്തിനും ഒരുപോലെ ഫലപ്രദമാവും.
പിങ്ക് റൈഡേഴ്സ് എന്ന പേരിൽ മാനാഞ്ചിറ സ്ക്വയറിൽ സൈക്കിൾ ലഭ്യമാക്കാൻ കോർപറേഷൻ പദ്ധതിയുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല. എന്നാൽ, ആരോഗ്യത്തോടൊപ്പം പ്രകൃതിക്കിണങ്ങിയ യാത്ര എന്ന നിലയിൽ എല്ലാ വാര്‍ഡുകളിലും സൈക്കിള്‍ യാത്ര ഒരുക്കാൻ കോര്‍പറേഷന്റെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ ആഭിമുഖ്യത്തിൽ ഓരോ വാർഡിലും വനിതകൾ നടത്തുന്ന സൈക്കിൾ കേന്ദ്രങ്ങൾ തുടങ്ങാനായി സൈക്കിളുകൾ വാങ്ങാനാണ് കോർപറേഷൻ തീരുമാനം.
she cycling project is coming in kozhikode
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.